എംഎ യൂസഫലിയുടെ വീട്ടില്‍ അതിഥിയായെത്തി രജനീകാന്ത്!!

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ അതിഥിയായെത്തി തലൈവര്‍ രജനീകാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലേക്കാണ് സൂപ്പര്‍ സ്റ്റാര്‍ അതിഥിയായി എത്തിയത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലും താരം സന്ദര്‍ശനം നടത്തി.

യൂസലി തന്നെ റോള്‍സ് റോയ്‌സില്‍ ഡ്രൈവ് ചെയ്താണ് താരത്തിനെ വീട്ടിലേക്ക് കൊണ്ടുപോയത്. യൂസഫലിയുടെ വീട്ടില്‍ താരം ഏറെ നേരം ചെലവഴിച്ചാണ് മടങ്ങിയത്. രജനിയുടേയും യൂസഫലിയുടേയും കാര്‍ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റോള്‍സ് റോയ്‌സ് കാര്‍ ഡ്രൈവ് ചെയ്ത് സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള വീഡിയോ ആരാധകലോകം ഏറ്റെടുത്തിരിക്കുകയാണ്.

രജനികാന്തിന്റെ പുതിയ ചിത്രം വേട്ടയ്യനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ടിജെ ജ്ഞാനവേലാണ്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.