ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന ഉടൻ വിവാഹിതയാകും; വരൻ പലാഷ് മുച്ചാൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ വൈസ് ക്യാപ്ടനും ഓപ്പണറുമായ സ്മൃതി മന്ദാന ഉടൻ വിവാഹിതയാകും. സംഗീത സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാഷ് മുച്ചാൽ ആണ് വരൻ. ഇരുവരും പ്രണയത്തിൽ ആയിരുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു .

ഇദ്ദേഹം തന്നെ ആണ് വിവാഹകാര്യം സ്ഥിരീകരിച്ചത്. അധികം വൈകാതെ തന്നെ അവൾ ഇൻഡോറിൻ്റെ മരുമകൾ ആകുമെന്നും പലാഷ് മുച്ചാൽ ഈ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതാദ്യമായാണ് സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് പലാഷ് മനസ് തുറക്കുന്നത്. പലാഷിനൊപ്പമുള്ള ചിത്രങ്ങൾ സ്മൃതി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

ബന്ധത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് “ഞാൻ നിങ്ങൾക്ക് തലക്കെട്ട് തന്നു കഴിഞ്ഞു” എന്ന് മാത്രമാണ് മുപ്പതുകാരനായ സംഗീത സംവിധായകൻ മറുപടി നൽകിയത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതി മന്ദാനയ്ക്കും എൻ്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് മഹത്വം കൊണ്ടുവരണമെന്നാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്‍റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചിരുന്നു. കൂടാതെ കുടുംബ ചടങ്ങുകളിലും വിനോദയാത്രകളിലും മന്ദാനയും പലാഷും ഒരുമിച്ച് കാണാറുണ്ട്. ആദ്യമായാണ് ഇവരിലൊരാള്‍ വിവാഹവാര്‍ത്തയില്‍ പരസ്യമായി പ്രതികരിക്കുന്നത്. നിലവിൽ ഇന്ത്യക്കായി ഏകദിനലോകകപ്പ് കളിക്കുന്ന തിരക്കിലാണ് സ്‌മൃതി.