Film News

വിവാദത്തില്‍ അകപ്പെടുന്നവര്‍ക്കൊപ്പം സാധാരണ ആരും നില്‍ക്കാറില്ല: ബാബുരാജിന് നന്ദി പറഞ്ഞ് മാല പാര്‍വ്വതി

യുവ നടിയുടെ പരാതിയില്‍ താര സംഘടയായ അമ്മ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിന് എതിരെ ഉചിതമായ നടപടി സ്വീകരിക്കാത്തതിലും നടിയുടെ പരാതിയില്‍ അമ്മയുടെ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ നിര്‍ദ്ദേശിച്ച നടപടികള്‍ അമ്മ സ്വീകരിക്കാത്തതില്‍ സെല്ലില്‍ നിന്നും രാജി വയ്ക്കുന്നതായി നടി മാല പാര്‍വ്വതി വ്യക്തമാക്കിയിരുന്നു.

മാല പാര്‍വ്വതിയുടെ നടിപടിക്ക് പിന്തുണയുമായി ഡബ്ല്യു സി സി മാത്രമാണ് മുമ്പോട്ട് വന്നത് എന്ന ശ്രദ്ധേയമായ വിഷയം നില നില്‍ക്കെയാണ് മാല പാര്‍വ്വതിക്ക് പിന്തുണ അറിയിച്ച് നടന്‍ ബാബു രാജ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബാബുരാജിന് നന്ദി അറിയിച്ചിരിക്കുകയാണ് മാല പാര്‍വ്വതി.

ഇത് അപൂര്‍വ്വവും അസാധാരണവുമാണ്. വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ ആരും നില്‍ക്കാറില്ല. നന്ദി ബാബു രാജ്, മാല പാര്‍വ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാല പാര്‍വ്വതിയുടെ രാജിയെ സ്വാഗതം ചെയ്ത ബാബു രാജ്, രാജിയിലൂടെ അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല എന്നും അവര്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് സമൂഹത്തിന് മനസ്സിലാക്കി നല്‍കാന്‍ സാധിച്ചതായും ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് പരാതി പറയാന്‍ വേറെ സംഘടന ഉണ്ടല്ലോ, അവിടെ പോയി പറയട്ടെ എന്ന് നടിമാരുടെ സംഘടനയായ ഡബ്ള്യു സി സിയെ സൂചിപ്പിച്ചു കൊണ്ടുള്ള മണിയന്‍ പിള്ള രാജുവിന്റെ പ്രസ്താവന തെറ്റായി പോയെന്നും, അമ്മയുടെ വൈസ് പ്രസിഡന്റ് അത് ഒരിക്കലും പറയാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരു മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബു രാജിന്റെ പ്രതികരണം.


അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളതെന്ന് ബാബു രാജ് ചോദിക്കുന്നു. മണിയന്‍ പിള്ളയുടെ പ്രസ്താവനയില്‍ വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്, ബാബുരാജ് പറഞ്ഞു.

Trending

To Top