Film News

‘എന്നെ വിളിക്കുന്നവര്‍ ഒരു ബ്രില്യന്റ് സിനിമയാണെന്നാണ് പറയുന്നത്’ സെന്ന ഹെഗ്‌ഡെ

സെന്ന ഹെഗ്‌ഡെ- ഷറഫുദ്ദീന്‍ കൂട്ടുകെട്ടിലെത്തിയ പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സെന്നയുടെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തീര്‍ത്തും കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്ന നിഷ്‌കളങ്കരായ ഒരുപിടി മനുഷ്യരുടെ ജീവിതം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞ് ഒരു ചെറിയ ത്രില്ലര്‍ ചിത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് 1744 വൈറ്റ് ആള്‍ട്ടോ ഉണ്ടാകുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി ചെയ്ത ചിത്രമാണ്. ഒരു പരീക്ഷണം എന്നപോലെയാണ് വൈറ്റ് ആള്‍ട്ടോ ചെയ്തത്. പിന്നീട് തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് വീണ്ടും കളര്‍ ഡിസൈനും സൗണ്ടും ഒക്കെ തിയറ്ററിന് വേണ്ടി ചെയ്തു. ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതിയിട്ടില്ല. പ്രതീക്ഷിച്ച പോലെയുള്ള പ്രതികരണം ആണ് ചിത്രത്തിന് കിട്ടുന്നത്. തുടക്കത്തില്‍ മിക്‌സഡ് റിവ്യൂ ആണ് കിട്ടിയത്. ചിലര്‍ക്ക് പടം ഇഷ്ടപ്പെട്ടു ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഒരു പടം ചെയ്തു ഹിറ്റ് ആയി അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷ ആയിരിക്കും, ആദ്യം ചെയ്ത പടവുമായി ഒരു താരതമ്യം ഉണ്ടാകും.അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.റിലീസ് ചെയ്തു മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ആളുകള്‍ പടം നന്നായി മനസ്സിലാക്കി കൂടുതല്‍ പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ കിട്ടുന്നുണ്ട്. വലിയൊരു ഫെസ്റ്റിവലിനു ഈ ചിത്രം പോയിട്ടുണ്ട്, ഏതു ഫെസ്റ്റിവല്‍ ആണെന്നുള്ളത് പിന്നീട് പറയാമെന്നും അദ്ദേഹം പറയുന്നു.

‘സംഗീതവും സൗണ്ട് ഡിസൈനും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ വിളിക്കുന്നവര്‍ ഒരു ബ്രില്യന്റ്റ് സിനിമയാണ് എന്നാണ് പറയുന്നത്. പക്ഷേ ചില ആളുകള്‍ക്ക് കണ്ടന്റ് ഇഷ്ടപ്പെട്ടിട്ടില്ല ചിലര്‍ക്ക് ഇഷ്ടപ്പെട്ടു, ഞാന്‍ അത് കേട്ടിട്ട് ഓക്കേ ആണ്. ഞാന്‍ എത്രയോ പടങ്ങള്‍ കാണാറുണ്ട് എല്ലാവര്‍ക്കും ഇഷ്ടപെട്ട ചിലത് എനിക്ക് ഇഷ്ടപ്പെടാറില്ല, അത് സാധാരണമാണ്, എല്ലാവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒന്നും ഇല്ലല്ലോ. മനുഷ്യര്‍ വ്യത്യസ്തരല്ലേ. തിങ്കളാഴ്ച നിശ്ചയം ഇഷ്ടപ്പെടാത്തവരും ഉണ്ടാകാം. വൈറ്റ് ആള്‍ട്ടോക്ക് കിട്ടുന്ന പ്രതികരണങ്ങളില്‍ എനിക്ക് സര്‍പ്രൈസ് ഇല്ല. പക്ഷേ ഞങ്ങളുടെ സിനിമ അതിന്റെ യഥാര്‍ഥ ഓഡിയന്‍സിനെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ റിസള്‍ട്ട് എനിക്ക് തന്ന ഷറഫ്, രാജേഷ് മാധവന്‍, ആനന്ദ് മന്മഥന്‍, വിന്‍സി, സ്മിനു, അരുണ്‍, നവാസ് സജിന്‍ തുടങ്ങിയ താരങ്ങളോടാണ് നന്ദി പറയേണ്ടത്. എല്ലാവരും ഈ സിനിമയുടെ മൂഡ് ഉള്‍ക്കൊണ്ടു വളരെ നന്നായി പെര്‍ഫോം ചെയ്തുവെന്നും സെന്ന കൂട്ടിച്ചേര്‍ത്തു.

Trending

To Top