Film News

ആണഹന്തയെ നിലത്തിട്ട് ചവിട്ടി കൂട്ടി..! സത്യം പറയാമല്ലോ കുറച്ചേ ചിരിച്ചുള്ളൂ!! അജു വര്‍ഗീസ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു!!

‘ജയ ജയ ജയ ജയഹേ’ എന്ന സിനിമ തീര്‍ത്ത തരംഗം അവസാനിക്കുന്നില്ല.. ഇപ്പോഴും സിനിമയെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പോസ്റ്റുകളും കുറിപ്പുകളും വന്ന് നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വസുജ വസുദേവന്‍ കുറിച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ബേസില്‍, ദര്‍ശന എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തിയ നടന്‍ അജു വര്‍ഗീസാണ് ഈ കുറിപ്പ് തന്റെ സോ്ഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചത്.

ആണഹന്തയെ നിലത്തിട്ട് ചവിട്ടി കൂട്ടുന്നത് കണ്ടപ്പോ എണീറ്റു നിന്നു കയ്യടിച്ചെന്നും സത്യം പറഞ്ഞാല്‍ വളരെ കുറച്ചേ ചിരിക്കാന്‍ സാധിച്ചുള്ളൂ എന്നും ചിരിപ്പിക്കുന്നതിനെക്കാള്‍ ഏറെ ചിന്തിപ്പിച്ച ചിത്രമാണ് ജയ ജയ ജയ ജയഹേ എന്നും വസുജ പറയുന്നു… കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

വിപിന്‍ ദാസ് ആന്‍ഡ് ക്രൂ ജയ ജയ ജയ ജയ ഹേ.. സത്യം പറയാല്ലോ.. വളരെ കുറച്ചേ ചിരിച്ചുള്ളൂ ഞാന്‍. ചിരിപ്പിക്കുന്നതിനെക്കാള്‍ ഏറെ ചിന്തിപ്പിച്ചു. ഓര്‍മിപ്പിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ആണഹന്തയെ നിലത്തിട്ട് ചവിട്ടി കൂട്ടുന്നത് കണ്ടപ്പോ എണീറ്റു നിന്നു കയ്യടിച്ചു. എന്റെ കുട്ടിക്കാലങ്ങളില്‍ ,പട്ടിയെതല്ലുന്ന പോലെ ഭാര്യമാരെ തല്ലുന്ന സീന്‍ നാട്ടില്‍ സുലഭമായിരുന്നു. ഒരു പെണ്ണ് പോലും ചെറുത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല അന്നൊന്നും. അടി കൊള്ളുക കൂടി അവരുടെ ഭാര്യാ പദവിയുടെ കടമയായിരുന്നു. ‘ആണുങ്ങളായാല്‍ അങ്ങനെയൊക്കെയാ.. നമ്മള് പെണ്ണുങ്ങളങ്ങു’ എന്നു തുടങ്ങുന്ന വായ്താരി തോറ്റോം മാറ്റോം കേട്ടുവളരുന്ന തലമുറയിലേതാണ്. ഇന്ന് കൊട്ടകയിലിരിന്ന് ആര്‍പ്പു വിളിച്ചത് നിലവിളിക്കാന്‍ പോലും പാങ്ങില്ലാത്ത ചുരുണ്ട നിങ്ങളെയൊക്കെ ഓര്‍ത്തിട്ടാണ്.

അച്ഛനും അമ്മാവന്‍ മാരും ചിറ്റപ്പന്‍ മാരും അതിലൊക്കെയുപരി അമ്മയും ചേര്‍ന്ന് ജീവിത കാലം മുഴുവന്‍ നരകം വിധിച്ച നിങ്ങളെയോര്‍ത്ത്.. ഒരിക്കലും ഉണങ്ങാത്ത ,പലപ്പോഴും പുറംലോകം പോലും അറിയാത്ത നിങ്ങളിലെ മുറിവുകളെ ഓര്‍ത്ത്..
നിങ്ങളെ ഓര്‍ത്താണ് ഞാനാ വീഴ്ച്ചക്ക് കയ്യടിച്ചത്. ഒരു പെണ്ണ് ആഞ്ഞൊന്നു ചവിട്ടിയാല്‍ തവിടു പൊടിയാകും പുതലിച്ച വീടകങ്ങളിലെ സകല കെട്ടി മാറാപ്പുകളും എന്നു കണ്ടാണ് കയ്യടിച്ചത്… പ്രിയ വിപിന്‍.. സന്തോഷമുണ്ട്. തലക്ക് ചുറ്റും വളയങ്ങളുള്ള ,നന്മമരമായ അമ്മ ക്കാഴ്ച ഒന്നു മാറ്റിപ്പിടിച്ചതിന്. അഭിമാനം,അന്തസ്സ് എന്നൊക്കെ പറഞ്ഞ് പെമ്പിള്ളേരുടെ ജീവിതം കൊണ്ട് പരീക്ഷണം നടത്തുന്ന ഇതിലും ടോക്‌സിക് ആയ അമ്മമാരെ കണ്ട് ജീവിതം മടുത്ത് പോയിട്ടുണ്ട് പലപ്പോഴും. ഈ പടം തീയറ്ററില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ.. വീടകങ്ങളിലുമല്ല,ഓപ്പണ്‍ സ്‌പേസില്‍ ആള്‍ക്കൂട്ടം കാണട്ടെ പൊതു ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. എഴുതാന്‍ തോന്നുന്നുണ്ട് ഒരുപാട്. ഓരോ ഷോട്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അഞ്ജലി പറഞ്ഞതു പോലെ ,ചിരിച്ചു മറിഞ്ഞു ന്നു പറയുന്നവര്‍ക്കൊക്കെ എന്തേലും വെളിച്ചം വീണാ മതിയായിരുന്നു. ‘പെണ്ണ് കരാട്ടെ പഠിക്കാതിരിക്കാന്‍ നോക്കിയാ പോരേ’ എന്നാണ് മനസ്സിലായതെങ്കില്‍ അതും കൊള്ളാം.

വീട്ടിലെ ആണുങ്ങളുടെ നിഴലായി ജീവിച്ച് തുടങ്ങിയ,എത്ര വളര്‍ന്നാലുംഅമ്മചൊല്ലുകള്‍ കേട്ടു കേട്ട് വളരുന്ന അനുസരണയുള്ള,കൈപ്പുണ്യമുള്ള നല്ല കുട്ടി സര്‍ട്ടിഫിക്കറ്റ് ഉള്ള, ജീവിതം കുട്ടിച്ചോറായന്നു തോന്നിയാലും സ്വന്തമായൊരു തീരുമാനവും എടുക്കാന്‍ ആവാതെ നിസ്സഹായ ആയി പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും മനസ്സു കൊണ്ട് ചേര്‍ത്ത് പിടിക്കുന്നു..

നിങ്ങള്‍ അനുഭവിക്കുന്ന,നിവര്‍ത്തികേട് കൊണ്ട് അഭിനയിക്കുന്ന ജീവിതത്തിനു പുറത്ത് കാറ്റും വെളിച്ചവുമുള്ള ഒരു ലോകമുണ്ടെന്നു നിങ്ങളോടു അലറി പറയാന്‍ തോന്നുന്നു.. ഒരു ദിവസമെങ്കിലും അഭിമാനം എന്നൊരു വാക്ക് നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകുമെന്ന് സ്വപ്നം കാണുന്നു. (ചിത്രം ആമിയുടെ നോട്ട് പാഡില്‍ നിന്ന്. ജയ ജയ ഹേ എഫക്ട്.. ഇടിയപ്പവും ലൗലോലിക്കയുമൊക്കെ ഒരു ഏഴാം ക്ലാസുകാരി നോട്ടു ചെയ്തു ആരും പറയാതെ തന്നെ സന്തോഷം.)

Trending

To Top