വെറും ഒരു രൂപ നിരക്കിൽ ഇനി സാനിറ്ററി നാപ്കിനുകൾ വാങ്ങാം

സ്ത്രീകളുടെ ആര്‍ത്തവകാല സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന സുവിധ സാനിറ്ററി പാടുകൾ ജനശ്രദ്ധ നേടുന്നു . ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 1 രൂപയ്ക്കാണ് ഈ പാടുകൾ ലഭ്യമാവുന്നത്.

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) യുടെ കീഴിലുള്ള ജൻ ഔഷധി കേന്ദ്രങ്ങളിൽ ‘സുധ’ എന്ന പേരിലാണ് ഉപയോഗശേഷം നശിപ്പിക്കാവുന്ന (ബയോഡീഗ്രേഡബിൾ) സാനിറ്ററി നാപ്കിനുകൾ വിൽക്കുന്നത്. ആർത്തവ സമയത്ത് സ്ത്രീകൾക്ക് വ്യക്തിപരമായ ശുചിത്വം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ആവശ്യത്തിന് സാനിട്ടറി നാപ്കിനുകൾ വാങ്ങി ശേഖരിക്കാൻ കഴിയാത്ത പാവപ്പെട്ട യുവതികൾക്കും സ്ത്രീകൾക്കും. ആർത്തവസമയത്ത് ശുചിത്വം പാലിക്കാതിരുന്നാൽ ഗുരുതരമായ അണുബാധ ഉൾപ്പടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് അത് കാരണമാകും. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകൾ നൽകുന്നു.

രാജ്യത്തെ 5500 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെയാണ് ഇപ്പോൾ ഒരു പാക്കറ്റിന് 10രൂപ നിരക്കിൽ 10 പാടുകൾ നൽകുന്നത് . കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നതിനുള്ള പദ്ധതി 2018 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. 2018 മെയ് മുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വര്‍ഷത്തില്‍ വിറ്റഴിച്ചത്.

മറ്റ് കമ്പനികളുടെ സാനിറ്ററി നാപ്കിനുകള്‍ക്ക് വിപണിയില്‍ 6 രൂപ ശരാശരി വില ഉള്ളപ്പോഴാണ് മികച്ച ഗുണമേന്മയും കുറഞ്ഞ വിലയുമുള്ള സുവിധ വിപണിയില്‍ ലഭ്യമാവുന്നത്.