
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ (Don’t Trouble The Trouble) എന്ന സിനിമയുടെ ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ.ടി.ആർ ഫഹദ് ഫാസിലിനെ വാനോളം പ്രശംസിച്ചു. ഫഹദ് ഫാസിലിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് ജൂനിയർ എൻ.ടി.ആർ പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ തന്നെ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിലെന്ന് എൻ.ടി.ആർ വ്യക്തമാക്കി. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന സിനിമ മുതൽ ഫഹദിന്റെ പ്രകടനങ്ങൾ താൻ കാണാറുണ്ടെന്നും, ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും താൻ ഏറെ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് അദ്ദേഹത്തെ നോക്കിക്കാണുന്നതെന്നും താരം പറഞ്ഞു. ഫഹദ് ഫാസിലിന്റെ അഭിനയം പലപ്പോഴും തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും എൻ.ടി.ആർ കൂട്ടിച്ചേർത്തു.
ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത സംവിധായകൻ എസ്.എസ് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയാണ്. എസ്.എസ് രാജമൗലി അവതരിപ്പിക്കുന്ന ഈ ഫിലിം ഫാന്റസി ഡ്രാമ ഒക്ടോബർ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫഹദ് ഫാസിലിന്റെ തെലുങ്കിലെ ആദ്യ പ്രധാന നായക ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.












