
ബിഗ് ബോസ് ഷോ നടന്നു കൊണ്ടിരിക്കെ അനീഷിന് വേണ്ടി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തൊപ്പി വോട്ട് തേടിയതും അഖിൽ മാരാരുമായി കൊമ്പുകോർത്തതും വൈറലായിരുന്നു. ഇപ്പോഴിതാ അനുമോൾ വിജയിച്ചതിന് ആശംസ അറിയിച്ച അഖിൽ മാരാർ, തൊപ്പിക്കും റീ എൻട്രിയായി എത്തിയ ചില മത്സരാർത്ഥികൾക്കും നന്ദിയെന്ന് പരിഹാസത്തോടെ പറയുകയാണ്.

‘ബിഗ് ബോസ് സീസൺ 7ന്റെ വിജയിയായി മാറിയ അനുമോൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുകയാണ്. അനുമോൾ ജയിക്കാൻ വേണ്ടി അഘോരാത്രം പണിയെടുത്ത തൊപ്പിക്കും റീ എൻട്രിയിലൂടെ എത്തി അനുമോൾക്ക് വേണ്ട സഹായവും പരമാവധി പിന്തുണയും നൽകി പരമാവധി വോട്ടും നേടി കൊടുത്ത മുൻ മത്സരാർത്ഥികളിൽ ചിലർക്കും ഒരായിരം നന്ദി അറിയിക്കുകയാണ്. കാരണം അറിഞ്ഞോ അറിയാതെയോ നിങ്ങളെല്ലാവരും കൂടി ചേർന്ന് എന്നെ അനുമോളുടെ പിആർ ആക്കി മാറ്റിയിരുന്നു. സ്വാഭാവികമായും എന്റെ കൂടി ആവശ്യവും അഭിമാനവുമായി മാറി അനുമോളുടെ വിജയം. അതിന് വേണ്ടി പിന്നിൽ പ്രവർത്തിച്ച തൊപ്പിക്കും മുൻ മത്സരാർത്ഥികൾക്കും ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു എന്നാണ് അഖിലിന്റെ വാക്കുകൾ’.











