
ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ തന്റെ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായ പിന്തുണയുമായി പുറത്തുനിന്ന് ലക്ഷ്മി സജീവമായിരുന്നു. ഇപ്പോൾ സീസൺ 8ൽ ലക്ഷ്മിയും മത്സരാർഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് വിഷയത്തിൽ താരം തന്നെ പ്രതികരിച്ചിരിക്കുന്നത്.
ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകവെ, ബിഗ് ബോസ് ഹൗസിലേക്ക് പോകുന്ന കാര്യത്തിൽ വ്യക്തമായ സൂചന നൽകാതെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. “ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ ‘ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല’ എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!” എന്നായിരുന്നു താരത്തിന്റെ മറുപടി.
പോകുന്നുണ്ടെന്നോ ഇല്ലെന്നോ കൃത്യമായി വ്യക്തമാക്കാതെയുള്ള ലക്ഷ്മിയുടെ ഈ പ്രതികരണം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന്റെ മറുപടി ബിഗ് ബോസ് പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. മലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വ്ലോഗുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ ലക്ഷ്മി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8നായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6നാണ് പുതിയ സീസൺ ആരംഭിക്കുന്നത്. സീസണിന് മുന്നോടിയായുള്ള ‘അഗ്നിപരീക്ഷ’ എന്ന പ്രീ-ഷോയും പുരോഗമിക്കുകയാണ്. ബിഗ് ബോസ് സീസൺ 8ന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിലും ജിയോ ഹോട്സ്റ്റാറിലും ബിഗ് ബോസ് മലയാളം സീസൺ 8 പ്രേക്ഷകർക്ക് കാണാം.












