കളി ഇനി കാര്യമാകും! ബിഗ് ബോസ് മലയാളം സീസൺ 8 പ്രൊമോ

ബിഗ് ബോസ് മലയാളം സീസൺ 8-നായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് പുതിയ പ്രൊമോ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഇത്തവണയും പ്രൊമോയിൽ എത്തുന്നത്. “ജയിച്ചാൽ മാത്രം പോര, ജയിച്ചുകൊണ്ടേയിരിക്കണം… കുറച്ച് ചാണക്യ തന്ത്രങ്ങളുമായി ഞാനും കാണും. അപ്പോഴല്ലേ കളി കാര്യമാകൂ” എന്ന മോഹൻലാലിന്റെ വാക്കുകൾ പുതിയ സീസണിലെ മത്സരത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.

സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിക്ക് ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് മലയാളം സീസൺ 8 പ്രേക്ഷകരിലേക്ക് എത്തും.
അതേസമയം, പ്രധാന സീസണിന് മുന്നോടിയായുള്ള ‘അഗ്നിപരീക്ഷ’ പ്രീ-ഷോയും നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 40 മത്സരാർഥികളിൽ നിന്ന് 12 പേരിലേക്ക് മത്സരം ചുരുങ്ങിയതോടെ പോരാട്ടം കൂടുതൽ കടുത്തിരിക്കുകയാണ്. ഫിസിക്കൽ ടാസ്കുകൾ, മാനസിക വെല്ലുവിളികൾ, ഹ്യൂമർ, സംവാദം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചാണ് മത്സരാർഥികൾ മുന്നേറുന്നത്.

പ്രേക്ഷക വോട്ടിംഗും ആരംഭിച്ചുകഴിഞ്ഞു. അഗ്നിപരീക്ഷയിലെ പ്രകടനം വിലയിരുത്തി റെഡ്, യെല്ലോ, ഗ്രീൻ സിഗ്നലുകളിലൂടെയാണ് മത്സരാർഥികളുടെ മുന്നോട്ടുള്ള യാത്ര തീരുമാനിക്കുന്നത്. ഈ പരീക്ഷണങ്ങളെല്ലാം അതിജീവിക്കുന്നവർക്കാണ് ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ മെയിൻ ഹൗസിലേക്ക് പ്രവേശിക്കാനുള്ള അവസരം.