
ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾ സ്ഥിരമായി കള്ളങ്ങൾ പറയുകയും കള്ളത്തരങ്ങൾ കാണിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് സഹ മത്സരാർത്ഥിയായിരുന്ന ശാരിക കെ.ബി. അനുമോൾ കപ്പ് നേടാൻ യോഗ്യതയുള്ള മത്സരാർത്ഥിയായിരുന്നില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാരിക തുറന്നടിച്ചു.
അവതാരകയായ ശാരിക കെ.ബി. ഈ സീസണിലെ ശ്രദ്ധേയ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് ഹൗസിലെ അനുഭവങ്ങളെക്കുറിച്ചും സഹ മത്സരാർത്ഥികളെക്കുറിച്ചും സംസാരിക്കവേയാണ് ശാരികയുടെ പ്രതികരണം.
“അനുമോൾ ഒരുപാട് കള്ളത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നൊരാളാണ്. ജിസേൽ കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ അനുമോളും കാണിച്ചിട്ടുണ്ട്. പാചകം അറിയില്ലെന്ന് അനു പറഞ്ഞത് പച്ചക്കള്ളമല്ലേ? പല പാചക പരിപാടികളിലും പങ്കെടുത്തിട്ടും ബിഗ് ബോസ് ഹൗസിൽ വന്നിരുന്ന് പച്ചയ്ക്ക് തർക്കിക്കുകയാണ് അനു ചെയ്തത്. വീട്ടിൽ പോലും അടുക്കളയിൽ കയറാറില്ല, ഇവിടെ വന്നാണ് പഠിച്ചത് എന്നൊക്കെ പറയുന്നത് എങ്ങനെ പറയാൻ തോന്നുന്നു?” ശാരിക ചോദിച്ചു.
കപ്പ് നേടാൻ അനുമോൾ യോഗ്യതയുള്ള മൽസരാർത്ഥി ആയിരുന്നില്ലെന്നും ശാരിക വ്യക്തമാക്കി. അതേസമയം, ബിഗ് ബോസ് അനുഭവിക്കാൻ വേണ്ടിയാണ് താൻ ഷോയിൽ പോയതെന്നും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അസൂയ തോന്നേണ്ട ആവശ്യമില്ലെന്നും ശാരിക പറഞ്ഞു.
അഖിൽ മാരാരുടെ സീസണിൽ ശോഭ അടക്കം ക്വാളിറ്റിയുള്ള ഒരുപാട് മനുഷ്യർ പങ്കെടുത്തിരുന്നു എന്നും, എന്നാൽ ഈ സീസണിൽ ‘പുലികൾ’ എന്ന് വിശേഷിപ്പിക്കാവുന്ന ആരും ഉണ്ടായിരുന്നില്ലെന്നും ശാരിക അഭിപ്രായപ്പെട്ടു. അനീഷിനെയും നെവിനെയും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ടെന്നും ശാരിക കൂട്ടിച്ചേർത്തു.











