
സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായ രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സജീവമാകുന്നു. വീട് നിർമ്മിച്ച് നൽകിയ വ്യക്തികളുമായി രേണുവിന് നേരത്തെ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കു പിന്നാലെ, പുതിയൊരു കമന്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മറ്റൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചുകൊണ്ടുള്ള രേണുവിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ, വീട് നിർമ്മിച്ച് നൽകിയവരിൽ ഒരാളായ ഫിറോസ് ഒരു കമന്റ് രേഖപ്പെടുത്തിയിരുന്നു. “ഇനി മറ്റൊരു വിവാഹം കഴിക്കുകയാണെങ്കിൽ വീട് തിരിച്ച് തരണം” എന്നായിരുന്നു ഫിറോസിന്റെ കമന്റ്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഫിറോസിന്റെ കമന്റിന് താഴെ നിരവധി പേർ എതിർപ്പറിയിച്ച് രംഗത്തെത്തി. ഗോകുൽ ഗോപാലകൃഷ്ണൻ എന്ന വ്യക്തിയുടെ പ്രതികരണം ശ്രദ്ധേയമായി:
“നമ്മുടെ നാട്ടിലെ മിക്ക നന്മയൊലികളുടെയും ചിന്ത ഇങ്ങനെയാണ്. എന്റെ നന്മ എന്റെ ഔദാര്യമാണ്, അതുകൊണ്ട് അത് കൈപ്പറ്റിയാൽ എന്റെ നിയന്ത്രണത്തിൽ ജീവിച്ചുകൊള്ളണം എന്ന ചിന്തയാണിത്. ഒരു വീട് വെച്ച് നൽകി എന്നത് കൊണ്ട് നിങ്ങൾക്ക് ആരുടെയും ജീവിതം നിയന്ത്രിക്കാനുള്ള അധികാരം ഇല്ല. അവർക്ക് അവരുടെ ജീവിതത്തിൽ എങ്ങനെ ജീവിക്കണമോ, അങ്ങനെ ജീവിക്കാൻ പൂർണ്ണ അധികാരം ഉണ്ട്. യഥാർത്ഥ നന്മ എന്നത് നിബന്ധനകൾ വെച്ച് നൽകുന്ന ഒന്നല്ല. ‘ഞാൻ വേറെ വിവാഹം കഴിക്കില്ല, നിങ്ങളുടെ നിബന്ധനകൾ അനുസരിച്ച് ജീവിച്ചോളാം’ എന്ന് പറഞ്ഞുകൊണ്ടല്ലല്ലോ ആ വീട് കൈപ്പറ്റിയത്.”
മുമ്പ്, വീടിന്റെ നിർമ്മാണത്തിലെ അപാകതകളും ചോർച്ചയും ചൂണ്ടിക്കാട്ടി രേണു രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. അന്ന് രേണുവിന്റെ ആരോപണങ്ങൾക്കെതിരെ ഫിറോസും പ്രതികരിച്ചിരുന്നു. ഈ വിഷയത്തിലെ പുതിയ കമന്റോടെ വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.











