എന്റെ ജീവിതം എന്റെ കൈകളിൽ”; ‘ഉപ്പും മുളകും’ വിവാദങ്ങളെ നിഷ സാരംഗ് അവഗണിക്കുന്നു

മലയാളി ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് ‘ഉപ്പും മുളകും’. എന്നാൽ, ചില വിവാദങ്ങളെത്തുടർന്ന് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിഷ സാരംഗ് ഇപ്പോൾ പരമ്പരയിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഇതേക്കുറിച്ചുള്ള തന്റെ നിലപാടുകൾ ഒരു പുതിയ അഭിമുഖത്തിലാണ് നിഷ തുറന്നു പറഞ്ഞത്.

‘ഉപ്പും മുളകും’ സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ നല്ലത് മൗനം പാലിക്കുന്നതാണെന്ന നിലപാടാണ് നിഷ സ്വീകരിച്ചത്. “നമ്മൾ ഒരു മറുപടി പറയുമ്പോൾ പല കഥകളാണ് എഴുതി വരുന്നത്. നൽകുന്ന തലക്കെട്ട് മറ്റൊന്നായിരിക്കും. അതിലും നല്ലത് അത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുന്നതാണ്,” നിഷ വ്യക്തമാക്കി.

പരമ്പരയിൽനിന്നുള്ള തന്റെ വിട്ടുനിൽക്കൽ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും നിഷ കൂട്ടിച്ചേർത്തു. “ഉപ്പും മുളകിനും മുൻപും എനിക്ക് ഒരു ജീവിതം ഉണ്ടായിരുന്നു. 9 വർഷം ഞാൻ ഉപ്പും മുളകിൽ നിന്നു. ഈ ഇൻഡസ്ട്രിയിൽ വന്നിട്ട് 26 വർഷമായി. ഏറ്റവും കൂടുതൽ കാലം ഉപ്പും മുളകിലായിരുന്നു പ്രവർത്തിച്ചത്. എന്നാൽ അതിനു മുൻപേ ഞാൻ എങ്ങനെയായിരുന്നോ, അതുപോലെ തന്നെയാണ് ഇപ്പോഴും ജീവിതം മുന്നോട്ട് പോകുന്നത്. അതിനുമുൻപേ ഞാൻ സിനിമകളിലും സീരിയലുകളുമായി തിരക്കിലായിരുന്നു. നൂറോളം സിനിമകളും അമ്പതോളം സീരിയലുകളും ഞാൻ ചെയ്തിട്ടുണ്ട്,” അവർ പറഞ്ഞു.

‘ഉപ്പും മുളകും’ എന്ന പരമ്പര ഒരു വഴിത്തിരിവായിരുന്നുവെന്നും നിഷ ഓർത്തെടുത്തു. “എല്ലാ മനുഷ്യർക്കും എപ്പോഴും എവിടെയെങ്കിലും വെച്ച് നല്ലൊരു ബ്രേക്ക് ലഭിക്കും. അതുപോലെ എനിക്ക് കിട്ടിയ ഒന്നാണ് ‘ഉപ്പും മുളകും’. സ്വാഭാവികമായി അഭിനയിക്കാനുള്ള ഒരു വേദി എനിക്കവിടെ ലഭിച്ചു. അത് എന്റെ അഭിനയ ജീവിതത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.”

അനാവശ്യ വിവാദങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും നിഷ വ്യക്തമാക്കി. “അനാവശ്യ വിവാദങ്ങൾ എന്നെ ബാധിക്കുന്ന കാര്യമല്ല. ആരെങ്കിലും അവർക്ക് ജീവിക്കാൻ വേണ്ടി എഴുതിയും പറഞ്ഞും വിടുമ്പോൾ ഞാൻ അതിനൊക്കെ ഉത്തരം കൊടുത്താൽ എനിക്ക് ജീവിക്കാൻ പറ്റുമോ? എന്റെ ജീവിതം എന്റെ മാത്രം കൈകളിലാണ്,” നിഷ സാരംഗ് പറഞ്ഞുനിർത്തി.