സംഗീത് പ്രതാപ് – ഷറഫുദീൻ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ’ ചിത്രീകരണം പൂർത്തിയായി

യുവതാരങ്ങളായ സംഗീത് പ്രതാപും ഷറഫുദീനും ആദ്യമായി ഒന്നിക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന സിനിമയുടെ ചിത്രീകരണം വിജയകരമായി പൂർത്തിയായി. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംഗീത് പ്രതാപ് നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നവാഗതനായ ശ്യാമിൻ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത വെബ് സീരീസായ ‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ തിരക്കഥാകൃത്ത് നിലീൻ സാന്ദ്രയാണ് ഈ സിനിമയ്ക്കും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഹ്യൂമർ എന്റർടൈനറാണ് ഈ ചിത്രമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അഖില ഭാർഗവൻ നായികയാകുന്ന ചിത്രത്തിൽ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.

ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കമായി. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.