
തമിഴ് ബിഗ് ബോസ് സീസണ്‍ 9 അവസാനിച്ചു. വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ ദിവ്യ ഗണേശ് ആണ് ഇത്തവണത്തെ വിജയി. നടന്‍ ശബരിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. മറ്റൊരു ജനപ്രിയ മത്സരാര്‍ഥി ആയിരുന്ന വിക്രം സെക്കന്‍റ് റണ്ണര്‍ അപ്പും ആയി.
50 ലക്ഷം രൂപയും ഒരു എസ്‍യുവി കാറുമാണ് വിജയിയായ ദിവ്യ ഗണേശിന് ലഭിക്കുക. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിവ്യ ഗണേശ്. സുമംഗലി, ഭാഗ്യലക്ഷ്മി, മഹാനദി, അന്നം എന്നിവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ജനപ്രീതി നേടിയ സീരിയലുകള്‍.
വിജയ് സേതുപതി അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 9 ഒക്ടോബര്‍ 5 നാണ് ആരംഭിച്ചത്. 105 ദിവസം നീണ്ട സീസണിനാണ് ആവേശകരമായ ഗ്രാന്‍ഡി ഫിനാലെയില്‍ വച്ച് ഇന്നലെ അവസാനമായത്. ദിവ്യ, ശബരി, വിക്രം എന്നിവര്‍ക്കൊപ്പം ഔറോറ എന്ന മത്സരാര്‍ഥി കൂടി ചേര്‍ന്നതായിരുന്നു അവസാനത്തെ ടോപ്പ് ഫോര്‍.
ബിഗ് ബോസിലെ ആത്മവിശ്വാസമുള്ള സാന്നിധ്യങ്ങളിലൊന്നായിരുന്നു 31 കാരിയായ ദിവ്യ. ഒപ്പം തമാശകള്‍ പൊട്ടിക്കാനും കൗണ്ടറുകള്‍ അടിക്കാനുമുള്ള കഴിവ് അവര്‍ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഒപ്പം എതിരാളികളെ പലപ്പോഴും നിഷ്പ്രഭരാക്കുന്ന ഗെയിം പ്ലാനുകളും. ബിഗ് ബോസിലെ ക്ലാസിക് ടാസ്ക് ആയ കാർ ടാസ്കിലെ ദിവ്യയുടെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. ആകെ 24 മത്സരാര്‍ഥികളാണ് തമിഴ് ബിഗ് ബോസ് സീസണ്‍ 9 ല്‍ പങ്കെടുത്തത്.











