
നിവിൻ പോളി നായകനായ ‘സർവം മായ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടി റിയ ഷിബുവിന് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യയുടെയും ജ്യോതികയുടെയും അഭിനന്ദനം. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രശംസിച്ച് താരദമ്പതികൾ അയച്ചുനൽകിയ പ്രത്യേക സമ്മാനം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചു. വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം ഈ സർപ്രൈസ് സമ്മാനത്തെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടുള്ള കുറിപ്പിൽ റിയ തന്റെ നന്ദി രേഖപ്പെടുത്തി. “സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തെ അഭിനന്ദിക്കാനായി നിങ്ങൾ കാണിച്ച ആ മനസ്സിനും സമയത്തിനും വലിയ വിലയുണ്ട്. ‘സർവം മായ’ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇതിനെ കാണുന്നു” എന്ന് താരം കുറിച്ചു. റിയയ്ക്ക് പുറമെ ചിത്രത്തിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.
ചിത്രത്തിൽ ‘ഡെലുലു’ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചത്. പുതിയ തലമുറയുടെ ശൈലിയും ഭാവങ്ങളും തനിമയോടെ അവതരിപ്പിച്ച റിയയുടെ പ്രകടനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ നേരിട്ട് രംഗത്തെത്തിയത് സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.











