
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘വാഴ 2’ (Vaazha 2) എന്ന ചിത്രത്തിന് പിന്നാലെ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘വാഴ 3 – ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ (Vaazha 3 – Biopic of a Billion Girls) ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ പെൺകുട്ടികളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിപിൻ ദാസ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.
പെൺകുട്ടികളുടെ ജീവിതം പ്രമേയമാക്കുന്നു എന്നതിനെ ലക്ഷ്യം വെച്ചാണ് ഭൂരിഭാഗം വിമർശനങ്ങളും. “ഇവളുമാർക്കെന്ത് കഥ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ”, “സിനിമയ്ക്ക് തീരുമാനം ആയി, ഇൻസ്റ്റാഗ്രാം കോമാളികളായിരിക്കും അഭിനയിക്കാൻ പോകുന്നത്” എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ. പെൺകുട്ടികളുടെ കഥയാകുമ്പോൾ ബജറ്റ് കുറവായിരിക്കുമെന്നും മിക്കവാറും ഫോണിലും വീട്ടിലുമായിരിക്കും കഥ നടക്കുകയെന്നും ചിലർ പരിഹസിക്കുന്നു.
എന്നാൽ ഈ നീക്കത്തെ സ്വാഗതം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളും, വിവാഹത്തിന് ശേഷം മറ്റൊരു വീട്ടിലേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന സിനിമയാകട്ടെ ഇതെന്നാണ് ആരാധകരുടെ പക്ഷം. ‘വാഴ 2’ തിയേറ്ററുകളിൽ വലിയ വിജയം കൊയ്ത് പ്രദർശനം തുടരുന്നതിനിടയിലാണ് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നത്.











