‘‘ഇതിന്നോ ആദമേ’ ഇത്രയും വൈറലാകാൻ കാരണം ചെമ്പൻ വിനോദിന്റെ ശബ്ദം; മണികണ്ഠൻ അയ്യപ്പ

യുട്യൂബിൽ എട്ട് മില്യണിലധികം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ‘ഡിസ്കോ’യിലെ ‘ഇതിന്നോ ആദമേ’ എന്ന ഗാനം. മാർഗംകളിപ്പാട്ടിന്റെ താളവും റാപ്പിന്റെ ബീറ്റും സമന്വയിപ്പിച്ചൊരുക്കിയ ഈ ഡാൻസ് നമ്പറിന് സംഗീതം പകർന്നിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ഗാനം ഇത്രത്തോളം വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെമ്പൻ വിനോദിന്റെ ശബ്ദമാണ് പാട്ടിന്റെ ജനപ്രീതിക്ക് പ്രധാന കാരണമെന്നും മണികണ്ഠൻ അയ്യപ്പ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു മെക്സിക്കൻ അപാരത’, ‘കുമാരി’, ‘അഞ്ചക്കള്ളകോക്കാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ അയ്യപ്പ, ‘ഇതിന്നോ ആദമേ’യിലൂടെ വ്യത്യസ്തമായ സംഗീതശൈലി വീണ്ടും പരീക്ഷിച്ചിരിക്കുകയാണ്. ‘ഇതിന്നോ ആദമേ’ എന്ന പാട്ടിനെക്കുറിച്ച് ആദ്യം സംസാരിച്ചത് സംവിധായകൻ ഉല്ലാസ് ചെമ്പനാണെന്ന് മണികണ്ഠൻ അയ്യപ്പ പറഞ്ഞു. ഗാനത്തിന്റെ പഴയ പതിപ്പ് ഉപയോഗിക്കുമ്പോൾ പകർപ്പവകാശ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് താൻ സംശയം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ ഇത് ഏതെങ്കിലും സിനിമയ്ക്കായി പ്രത്യേകം സൃഷ്ടിച്ച ഗാനമല്ലെന്ന് ഉല്ലാസ് ഉറപ്പുനൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ നാടകങ്ങളിൽ ഉപയോഗിച്ചിരുന്ന ഈ ഗാനത്തിന്റെ മറ്റൊരു പതിപ്പ് ‘ഈ നാട്’ എന്ന സിനിമയിലുമുണ്ട്. ‘ഡിസ്കോ’യിൽ അതിന്റെ യഥാർഥ താളം നിലനിർത്തിയാണ് ഗാനം ഒരുക്കിയത്. ‘കോലങ്ങൾ’ എന്ന ചിത്രത്തിൽ തിലകൻ ഈ പാട്ട് പാടുന്നുണ്ടെങ്കിലും അവിടെ മറ്റൊരു ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും മണികണ്ഠൻ വിശദീകരിച്ചു.

പഴയ പാട്ടിനെ പുതിയ രീതിയിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഒറിജിനൽ ഗാനത്തിന്റെ മുഴുവൻ വരികളും ഉപയോഗിക്കുന്നതിന് പകരം ശ്രദ്ധേയമായ ഹുക്ക് ലൈൻ മാത്രം നിലനിർത്താനാണ് തീരുമാനിച്ചത്. തുടർന്ന്, ആ വരികൾക്ക് അനുയോജ്യമായി പാടിയ ചില ഭാഗങ്ങൾ ഗാനരചയിതാവ് സുഹൈൽ കോയയ്ക്ക് അയച്ചുകൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ സുഹൈൽ കോയ എഴുതിയ വരികളാണ് ‘ആലയം വാശയിൽ കണ്ടൊരു ചോളൻ’ എന്ന ഭാഗത്തിന് പിന്നിലെന്ന് മണികണ്ഠൻ പറഞ്ഞു. ഗാനത്തിൽ മറ്റൊരു പുതുമ കൂടി വേണമെന്ന സംവിധായകൻ ഉല്ലാസ് ചെമ്പന്റെ നിർദേശമാണ് മാർഗംകളിയുടെ ശൈലി ഉൾപ്പെടുത്തുന്നതിലേക്ക് നയിച്ചത്. പഴയ ഗാനത്തിന്റെ തനിമ നിലനിർത്തുന്നതിനൊപ്പം പുതിയ വരികളും താളവിന്യാസവും ചേർത്തതോടെ ‘ഡിസ്കോ’യിലെ ഗാനം വേറിട്ട അനുഭവമായി മാറി.

ഗാനത്തിന്റെ രചനയും സംഗീതവും ഉൾപ്പെടെയുള്ള ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കിയെന്നും മണികണ്ഠൻ അയ്യപ്പ വെളിപ്പെടുത്തി. സ്വന്തം സംഗീത പ്രൊഡക്ഷനിൽ സാധാരണയായി മറ്റുള്ളവരെ അധികം ഉൾപ്പെടുത്താറില്ലെന്നും ഈ ഗാനത്തിന്റെ പ്രീമിക്സ് ഉൾപ്പെടെയുള്ള ജോലികൾ താൻ തന്നെയാണ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവസാന മാസ്റ്ററിങ് മാത്രമാണ് എബിൻ പോളിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ‘അഞ്ചക്കള്ളകോക്കാൻ’ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും മിക്സ് ചെയ്തതും താൻ തന്നെയായിരുന്നുവെന്ന് മണികണ്ഠൻ കൂട്ടിച്ചേർത്തു. വ്യത്യസ്തമായ സംഗീത പരീക്ഷണത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ‘ഇതിന്നോ ആദമേ’യുടെ വിജയത്തിൽ ചെമ്പൻ വിനോദിന്റെ ശബ്ദത്തിനുള്ള പങ്കാണ് മണികണ്ഠൻ അയ്യപ്പ എടുത്തുപറയുന്നത്. മാർഗംകളിയുടെ തനത് താളവും ആധുനിക റാപ്പിന്റെ ഊർജവും ഒത്തുചേർന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയാകുകയാണ്.