
നടനും സുഹൃത്തുമായ നിവിൻ പോളിയുടെ പഴയൊരു അഭിമുഖത്തിലെ വരികൾ പങ്കുവെച്ച് നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയാവുകയാണ്. ‘സർവം മായ’ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്ന്, സൈമ അവാർഡ്സ് നേടിയ ടീമിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അജു നിവിന്റെ ഈ പ്രചോദനപരമായ വാക്കുകൾ പങ്കുവെച്ചത്. നായകൻ നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, ഗായിക ശക്തി ശ്രീ ഗോപാലൻ എന്നിവരടങ്ങുന്ന ചിത്രത്തിൽ നിവിന്റെ കരിയറിലെ പുതിയ വിജയങ്ങളുടെ പശ്ചാത്തലം കൂടിയുണ്ട്. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ തരണം ചെയ്തു എന്ന ചോദ്യത്തിന് മുൻപ് നിവിൻ നൽകിയ “ഒരു ദിവസം വരും, ഒരു പരിപാടി വരും, ഒരു ഫ്രൈഡേ വരും; നിർത്തിപ്പോകാതെ ഇരുന്നാൽ മതി” എന്ന മറുപടിയാണ് അജു ഓർമ്മിപ്പിച്ചത്.












