നായകന്മാരെ ആവർത്തിക്കാത്ത അടൂർ; മമ്മൂട്ടിക്കൊപ്പം നാലാമത്തെ ചിത്രം, 32 വർഷത്തിനുശേഷം ‘പദയാത്ര’

മലയാള സിനിമയിൽ തന്റേതായ ചലച്ചിത്രഭാഷകൊണ്ട് ഇടം നേടിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. 32 വർഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ‘പദയാത്ര’. മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്യുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മലയാള സിനിമയ്ക്ക് ലഭിച്ചത് വേറിട്ട പ്രമേയങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായിരുന്നു. അടൂർ ചിത്രങ്ങളിൽ മമ്മൂട്ടി നായകനാകുന്ന നാലാമത്തെ സിനിമയെന്ന പ്രത്യേകതയും ‘പദയാത്ര’യ്ക്കുണ്ട്.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമ നേടിയ അടൂർ ഗോപാലകൃഷ്ണൻ എൺപത്തിയഞ്ചാം വയസ്സിലും സിനിമയിൽ സജീവമാണ്. പതിവ് വാണിജ്യസിനിമകളുടെ ചേരുവകളിൽനിന്ന് മാറി, മനുഷ്യജീവിതത്തിന്റെ സങ്കീർണതകളും സാധാരണക്കാരുടെ വൈകാരിക ലോകവും വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് അദ്ദേഹം. അതിനാടകീയതയും പാട്ടും സംഘട്ടനവും മലയാള സിനിമയുടെ മുഖ്യധാരയിൽ നിറഞ്ഞുനിന്ന കാലത്തും സ്വന്തം സിനിമാഭാഷയിൽ ഉറച്ചുനിൽക്കാൻ അടൂരിന് കഴിഞ്ഞു.

‘സ്വയംവരം’, ‘കൊടിയേറ്റം’, ‘എലിപ്പത്തായം’, ‘മുഖാമുഖം’ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ ആവിഷ്കാരസാധ്യതകളെ വിശാലമാക്കി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയമായ സൃഷ്ടികളാണ്. ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘പിന്നെയും’ ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

ഒരേ നായകനെ ആവർത്തിക്കാത്ത സംവിധായകനെന്ന വിശേഷണമുള്ള അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയുടെ കാര്യത്തിൽ ആ പതിവ് മാറ്റിവെക്കുകയാണ്. ‘പദയാത്ര’ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ്. പുതിയ സിനിമയെക്കുറിച്ച് സംസാരിക്കവെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അടൂർ മനസ്സുതുറന്നു.

“വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നതെങ്കിലും ആ ഇടവേള അനുഭവപ്പെടുന്നില്ല. സിനിമ ചെയ്തില്ലെങ്കിലും ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ട്. വിളിക്കുമ്പോഴെല്ലാം കോൾ വെയ്റ്റിങ്ങിലാണെന്ന് മമ്മൂട്ടി തമാശയായി പറയും. അദ്ദേഹത്തിന് അനുയോജ്യമായൊരു കഥ മനസ്സിലേക്ക് വരാൻ വൈകിയതുകൊണ്ടാണ് പുതിയ സിനിമ നീണ്ടുപോയത്. സിനിമയിൽ ഒരേ നായകനെ ആവർത്തിക്കുന്ന പതിവില്ലെങ്കിലും മമ്മൂട്ടിയുടെ കാര്യത്തിൽ വീണ്ടും അതു തിരുത്തുകയാണ്,” അടൂർ പറഞ്ഞു. ‘പദയാത്ര’യുടെ ഏകദേശരൂപം തയ്യാറായ ശേഷമാണ് മമ്മൂട്ടിയുമായി സംസാരിച്ചതെന്നും അഭിനയിക്കുന്നതിനൊപ്പം ചിത്രം നിർമിക്കാനും അദ്ദേഹം സന്നദ്ധത അറിയിച്ചെന്നും അടൂർ വ്യക്തമാക്കി.

അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത ചിത്രമാണ് ‘അനന്തരം’. ചിത്രത്തിൽ ഡോ. ബാലു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അശോകനും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അജയൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് സഞ്ചരിച്ചത്.

അടൂർ സിനിമകളുടെ സവിശേഷതകളിലൊന്നാണ് നിശ്ശബ്ദതയുടെ ഉപയോഗം. കഥാപാത്രങ്ങൾക്കിടയിലെ നോട്ടങ്ങളും മൗനവും സംഭാഷണങ്ങളേക്കാൾ ആഴമുള്ള അർഥങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ അദ്ദേഹം സിനിമകളെ ഒരുക്കുന്നു. ‘അനന്തര’ത്തിലെ അജയന്റെയും നളിനിയുടെയും ബന്ധത്തിലും ഈ ആവിഷ്കാരരീതി പ്രകടമാണ്.

“നിശ്ശബ്ദതയെന്നത് രണ്ട് ശബ്ദങ്ങൾക്കിടയിലുള്ള സമയമാണ്. അതിന് വലിയ അർഥതലങ്ങളുണ്ട്. സൂക്ഷിച്ചുചെയ്യേണ്ട കാര്യവുമാണ്. നിശ്ശബ്ദത ശബ്ദംകൊണ്ടുതന്നെയാണ് സാധിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ സംഭാഷണം നിറഞ്ഞുനിൽക്കുന്ന സിനിമകൾ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അത്തരമൊരു സിനിമയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും എനിക്കാവില്ല,” അടൂർ പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീർ ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ കൃതി സിനിമയാക്കാൻ അവസരം ലഭിച്ച സംവിധായകനാണ് അടൂർ. ബഷീറിന്റെ ‘മതിലുകൾ’ സിനിമയാക്കിയപ്പോൾ നാരായണി എന്ന കഥാപാത്രത്തിന് മുഖം നൽകാതിരിക്കാനുള്ള തീരുമാനമാണ് ചിത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നായത്.

നാരായണിയുടെ വേഷം ആരാണ് അവതരിപ്പിക്കുന്നതെന്ന് ബഷീർ ചോദിച്ചപ്പോൾ, ആ കഥാപാത്രത്തിന് ഒരു രൂപം നൽകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അടൂർ മറുപടി നൽകിയത്. നാരായണിയെ നേരിൽ കാണാൻ കഴിയാത്തതും ശബ്ദത്തിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രം ആ കഥാപാത്രത്തെ അനുഭവിക്കുന്നതും സിനിമയുടെ ആകർഷണമായി മാറി. ഈ ആശയം ബഷീറിനും ഇഷ്ടമായിരുന്നു.

കോഴിക്കോട് സംഗം തിയേറ്ററിലായിരുന്നു ‘മതിലുകൾ’ ആദ്യമായി പ്രദർശിപ്പിച്ചത്. സിനിമ കണ്ടശേഷം ബഷീർ കുറച്ചുനേരം സീറ്റിൽനിന്ന് എഴുന്നേൽക്കാതെ വികാരാധീനനായി ഇരുന്നുവെന്നാണ് അടൂർ ഓർമിക്കുന്നത്. ‘നോട്ട് എ ഡൾ മൊമന്റ്’ എന്നായിരുന്നു സിനിമയെക്കുറിച്ചുള്ള ബഷീറിന്റെ ആദ്യ പ്രതികരണം. ചിത്രത്തിനു പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ തന്റെ ഏത് കൃതിയും അടൂരിന് സൗജന്യമായി സിനിമയാക്കാൻ നൽകാമെന്നും ബഷീർ പ്രഖ്യാപിച്ചു.

അധികാരത്തിന്റെയും ആൺമേൽക്കോയ്മയുടെയും രാഷ്ട്രീയത്തെ ശക്തമായി അവതരിപ്പിച്ച ചിത്രമാണ് ‘വിധേയൻ’. സക്കറിയയുടെ ‘ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ നെഗറ്റീവ് സ്വഭാവങ്ങളുള്ള പട്ടേലരെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അധികാരത്തിനു മുന്നിൽ കീഴടങ്ങുന്ന മനുഷ്യന്റെ അവസ്ഥയും വിധേയത്വത്തിന്റെ രാഷ്ട്രീയവുമാണ് ചിത്രം ചർച്ച ചെയ്തത്.

‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ രണ്ടെണ്ണം അടൂർ ചിത്രങ്ങളിലൂടെയായിരുന്നു എന്നതും ഇരുവരുടെയും കൂട്ടുകെട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ‘പദയാത്ര’. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജനാർദനൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വയനാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘പദയാത്ര’.

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടിയും മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് ക്യാമറ തിരിച്ച അടൂരും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. പതിവ് നായകസങ്കൽപ്പങ്ങളിൽനിന്ന് മാറിനിൽക്കുന്ന മറ്റൊരു മമ്മൂട്ടി കഥാപാത്രത്തെ ‘പദയാത്ര’ സമ്മാനിക്കുമോയെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.