ഇന്നത്തെ എവിക്ഷനിൽ വൻ ട്വിസ്റ്റോ? ആകാംക്ഷയേറ്റി ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പുതിയ പ്രൊമോ

ബിഗ് ബോസ് മലയാളം സീസൺ 8 ഏഴാം വാരത്തിലേക്ക് കടക്കാനിരിക്കെ പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ച് പുതിയ എവിക്ഷൻ പ്രൊമോ. മോഹൻലാൽ പങ്കെടുക്കുന്ന ഇന്നത്തെ എപ്പിസോഡിലാണ് ഈ വാരം ആരാണ് ബിഗ് ബോസ് വീടിനോട് വിടപറയുന്നതെന്ന് അറിയാനാകുക. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയിൽ എവിക്ഷൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാണിക്കുന്ന അപ്രതീക്ഷിത രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ വാരം പത്ത് മത്സരാർഥികളാണ് നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചത്. നോബി, ഐശ്വര്യ, ഷിജിൻ, രാഹുൽ, അഞ്ജലി, ആസിഫ്, വേദാംഗി, നേഹ, താഷി, നിലീന എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. രണ്ട് പേരോ മൂന്ന് പേരോ ഒരുമിച്ച് കൺഫെഷൻ റൂമിലെത്തി ചർച്ച ചെയ്ത് ഒരാളെ നോമിനേറ്റ് ചെയ്യുന്ന രീതിയിലായിരുന്നു ഇത്തവണത്തെ നോമിനേഷൻ. തീരുമാനത്തിലെത്താൻ കഴിയാത്ത പക്ഷം കൺഫെഷൻ റൂമിലെത്തിയ എല്ലാവരും നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. ഇതോടെ നോമിനേഷൻ പ്രക്രിയ നാടകീയമായിരുന്നു.

നോബി, ഐശ്വര്യ, ഷിജിൻ, രാഹുൽ, അഞ്ജലി, ആസിഫ്, വേദാംഗി, നേഹ, വിപിൻ എന്നിവരാണ് ഈ നടപടിയിലൂടെ നോമിനേഷനിലെത്തിയത്. മോഹൻലാലിന്റെ നേരിട്ടുള്ള നോമിനേഷനിലൂടെ താഷിയും പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, വൈൽഡ് കാർഡ് മത്സരാർഥിയായി എത്തിയ നൗഫ്നയ്ക്ക് നോമിനേഷൻ പട്ടികയിൽ നിന്ന് ഒരാളെ മാറ്റി പകരം മറ്റൊരാളെ ഉൾപ്പെടുത്താനുള്ള പ്രത്യേക അധികാരം ബിഗ് ബോസ് നൽകിയിരുന്നു. ഈ അധികാരം ഉപയോഗിച്ച് നൗഫ്ന വിപിന് പകരം നിലീനയെ നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെയാണ് അന്തിമ പട്ടികയ്ക്ക് രൂപമായത്.

ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയിൽ വേദാംഗി, ആസിഫ്, നിലീന, നോബി എന്നീ നാല് മത്സരാർഥികളാണ് എവിക്ഷൻ പ്രഖ്യാപനത്തിനായി കാത്തുനിൽക്കുന്നത്. ഗാർഡൻ ഏരിയയിൽ മഴയത്ത് കുട ചൂടി ഉയർന്ന പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഇവരുടെ ദൃശ്യങ്ങളാണ് പ്രൊമോയിലുള്ളത്.

ബിഗ് ബോസിന്റെ നിർദേശപ്രകാരം നാല് പേരും കണ്ണുകൾ മൂടുന്ന ബ്ലൈൻഡ്‌ഫോൾഡുകൾ ധരിക്കുന്നതും പുതിയ ലീഡറായ മൃദുല വിജയ് ഇവർക്ക് മുന്നിലുള്ള കർട്ടൻ വലിച്ചിടുന്നതും പ്രൊമോയിൽ കാണാം. എന്നാൽ, കർട്ടൻ നീക്കുമ്പോൾ നാല് മത്സരാർഥികളെയും കാണാനാകാത്തതും മറ്റ് ഹൗസ്‌മേറ്റ്സ് ഞെട്ടുന്നതും പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാക്കുന്നു.

നാല് പേരും ഒരേസമയം എവിക്ഷൻ നടപടിയുടെ ഭാഗമാകുന്നതും തുടർന്ന് അവരെ കാണാതാകുന്നതുമാണ് പ്രൊമോയിലെ പ്രധാന ആകർഷണം. ഇത് യഥാർഥത്തിൽ എവിക്ഷനുമായി ബന്ധപ്പെട്ട ട്വിസ്റ്റാണോ, അതോ മറ്റൊരു ടാസ്കിന്റെ ഭാഗമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആരാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താകുക എന്നത് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ല. പ്രൊമോയിലെ സൂചനകൾക്കപ്പുറം എവിക്ഷന്റെ യഥാർഥ ചിത്രം അറിയാൻ ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതുവരെ കാത്തിരിക്കണം. പുതിയ പ്രൊമോ പുറത്തുവന്നതോടെ മത്സരാർഥികളിൽ ആരാകും പുറത്താകുകയെന്ന ചർച്ചയിലാണ് ബിഗ് ബോസ് ആരാധകർ.