
യുവതിയുടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് മലയാള ചലച്ചിത്രനടൻ ബാലു വർഗീസിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. നീന്തൽക്കുളത്തിൽ വെച്ച് തന്നോട് മോശമായി പെരുമാറി എന്ന് വ്യക്തമാക്കിയാണ് പരാതിക്കാരി നിയമപരമായ നടപടികളുമായി മുന്നോട്ട് പോയിരിക്കുന്നത്.
സംഭവത്തിൽ താൻ കടുത്ത മാനസിക വിഷമത്തിലാണെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും എന്നാൽ ചോദ്യം ചെയ്തപ്പോൾ അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് നടൻ നൽകിയതെന്നും യുവതി പറയുന്നു. തുടർന്ന് വിഷയം ഭർത്താവിനോട് സംസാരിക്കുകയും പിന്നീട് നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയുമായിരുന്നു.
ഈ സംഭവത്തിന് പുറമെ സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള മറ്റ് ചില സ്ത്രീകളും ബാലു വർഗീസിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. നോട്ടീസിനോട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












