
പെൺകുഞ്ഞിന്റെ അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ഭാര്യ ആൻസിക്ക് കുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയും മനോഹരമായ വീഡിയോയിലൂടെയുമാണ് താരം അറിയിച്ചത്. കുഞ്ഞിന്റെ ജനനനിമിഷങ്ങളും അച്ഛനെന്ന നിലയിൽ തനിക്കുണ്ടായ വൈകാരിക അനുഭവങ്ങളും പങ്കുവെച്ച സംഗീത്തിന്റെ കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
നേരത്തെ ആൻസിയുടെ ഗർഭകാല വിശേഷം വ്യത്യസ്തമായ രീതിയിൽ സംഗീത് ആരാധകരെ അറിയിച്ചിരുന്നു. തിയേറ്റർ പശ്ചാത്തലമാക്കി ഒരുക്കിയ ആൻസിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ വീഡിയോയിലൂടെയായിരുന്നു ആ സന്തോഷവാർത്ത പുറത്തുവിട്ടത്. പ്രിയദർശൻ സിനിമകളെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ആ വീഡിയോയുടെ തുടർച്ചയായാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. വീഡിയോയുടെ അവസാന ഭാഗത്താണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത താരം വെളിപ്പെടുത്തുന്നത്.
കുഞ്ഞിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സംഗീത്തിന്റെ കുറിപ്പിലെ വാക്കുകളും ഏറെ ഹൃദയസ്പർശിയാണ്. ചെറിയ കാര്യങ്ങൾക്കുപോലും ഭയപ്പെട്ടിരുന്ന അമ്മ, കുഞ്ഞിനെ ഈ ലോകത്തേക്ക് എത്തിക്കാൻ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചുവെന്നാണ് സംഗീത് കുറിച്ചത്. സൂചി കാണുമ്പോൾ പോലും കരയുമായിരുന്ന ആൻസി, പ്രസവസമയത്ത് താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ധൈര്യശാലിയായി മാറിയെന്നും താരം ഓർത്തെടുത്തു.
ജീവിതത്തിന്റെ ഭൂരിഭാഗവും സ്വന്തം തീരുമാനങ്ങളെപ്പോലും സംശയിച്ചാണ് മുന്നോട്ടുപോയതെന്നും എന്നാൽ കുഞ്ഞിന്റെ ജനനസമയത്ത് വലിയ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം ഉണ്ടായെന്നും സംഗീത് കുറിച്ചു. വേദനയിൽ ആൻസിയുടെ കൈപിടിച്ച് നിന്നപ്പോൾ അവളെ ഇത്രയധികം സ്നേഹിക്കാൻ നേരത്തെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയെന്നും കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുവെന്നും താരം വെളിപ്പെടുത്തി. ആ നിമിഷത്തിൽ മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിച്ചുവെന്ന വാക്കുകളും കുറിപ്പിലുണ്ട്.
കുഞ്ഞ് ജനിച്ച ദിവസമാണ് തന്റെ ജീവിതത്തിലെ പുതിയൊരു ജന്മം കൂടിയുണ്ടായതെന്നും സംഗീത് കുറിച്ചു. ‘നീ ഇന്നലെയാണ് ജനിച്ചതെന്ന് ആളുകൾ പറയും. എന്നാൽ നീ ആദ്യശ്വാസമെടുത്തപ്പോൾ പുനർജനിച്ചത് ഞാനാണ്’ എന്ന ഹൃദയസ്പർശിയായ വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.
2023 നവംബറിലായിരുന്നു സംഗീത് പ്രതാപിന്റെയും ആൻസിയുടെയും വിവാഹം. ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ആണ് സംഗീത് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമിത ബൈജു നായികയായെത്തുന്ന ‘ഹലോ ഡിയർ’ ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.












