ബിഗ് ബോസ് ഹൗസിൽ നടന്ന വിവാദ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ മത്സരാർഥി നന്ദന. റിയാസ് സലീമിനെ വിക്കി ‘മാഡം’ എന്ന് വിളിച്ചതും രാഹുൽ ഈശ്വറിനെ റോബിൻ രാധാകൃഷ്ണൻ ‘പെൺകോന്തൻ’ എന്ന് വിശേഷിപ്പിച്ചതും ശരിയായ നടപടിയല്ലെന്നാണ് നന്ദനയുടെ നിലപാട്. ഇത്തരം പരാമർശങ്ങൾ മറ്റൊരാളെ അപമാനിക്കുന്നതിന് തുല്യമാണെന്നും നന്ദന അഭിപ്രായപ്പെട്ടു.
ബിഗ് ബോസിലെ ലെഗസി വീക്കിനിടെയാണ് വിവാദങ്ങൾക്ക് വഴിവെച്ച സംഭവങ്ങൾ അരങ്ങേറിയത്. മുൻ സീസണുകളിലെ വിജയികളും മത്സരാർഥികളും ഹൗസിലെത്തുന്ന ലെഗസി വീക്കിന്റെ ഭാഗമായി നിരവധി താരങ്ങൾ ഇതിനോടകം ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സീസൺ 8 മത്സരാർഥിയായ വിക്കിയും റിയാസ് സലീമും തമ്മിൽ വാക്കുതർക്കമുണ്ടായത്. റിയാസിനെ വിക്കി ‘മാഡം’ എന്ന് വിളിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
ഈ സംഭവത്തിൽ പ്രതികരിച്ച നന്ദന, ഒരാളുടെ ജെൻഡറിനെ അടിസ്ഥാനമാക്കി പരിഹസിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് മനസ്സിൽ സൂക്ഷിക്കുകയോ മാന്യമായി പ്രകടിപ്പിക്കുകയോ ചെയ്യാം. എന്നാൽ ഒരാളുടെ മുഖത്തുനോക്കി ‘ഓക്കേ മാഡം’ എന്നൊക്കെ വിളിക്കുന്നത് അയാളെ അപമാനിക്കുന്നതിന് തുല്യമാണെന്നും നന്ദന പറഞ്ഞു. സീസൺ 4 മത്സരാർഥിയായ റോബിൻ രാധാകൃഷ്ണൻ, രാഹുൽ ഈശ്വറിനെ ‘പെൺകോന്തൻ’ എന്ന് വിളിച്ചതും തനിക്ക് മോശമായി തോന്നിയെന്ന് നന്ദന വ്യക്തമാക്കി. മറ്റൊരാളെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പുരുഷന്മാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുമെന്നും മെൻസ് കമ്മിഷൻ കൊണ്ടുവരുമെന്നും പറഞ്ഞ് ബിഗ് ബോസ് ഹൗസിലെത്തിയ റോബിൻ പിന്നീട് തന്റെ നിലപാട് മറന്നതായാണ് തോന്നിയതെന്നും നന്ദന വിമർശിച്ചു. സ്ത്രീകളോടൊപ്പമുള്ള റോബിന്റെ ഇടപെടലുകളെ പരാമർശിച്ചുകൊണ്ട്, അദ്ദേഹത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് കണ്ടതെന്നും നന്ദന പ്രതികരിച്ചു. ബിഗ് ബോസ് താരങ്ങൾക്കിടയിലെ ഇത്തരം പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് നന്ദനയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.
