
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിലേക്ക്. മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ് പദവി ഉറപ്പിച്ച ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അണിയറപ്രവർത്തകർ പുതിയ ‘എൻകോർ’ (Encore) ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്. റീവാച്ചിന് പ്രേരിപ്പിക്കുന്ന രീതിയിലാണ് പുതിയ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
‘ജസ്റ്റിൻ ചേട്ടായി’ എന്ന കഥാപാത്രമായി നിവിൻ പോളിയും ‘ആഷ്‌ലി’യായി മമിത ബൈജുവും തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരുടെയും ഓൺ-സ്ക്രീൻ കെമിസ്ട്രിയും സുരേഷ് കൃഷ്ണ, സംഗീത്, റോഷൻ തുടങ്ങിയവരുടെ കോമഡി രംഗങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നിവിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ വിജയമാണ് നേടുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ് സംഗീതവും അജ്‌മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.












