
മൂന്ന് പതിറ്റാണ്ട് മുൻപ് പാതിവഴിയിൽ നിലച്ചുപോയ ജോഷി ചിത്രം ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. എൻ. മോഹനന്റെ തിരക്കഥയിൽ അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ നിർമ്മാണാവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കി. മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രമായ ‘പുലിമുരുകന്റെ’ പത്താം വാർഷിക ദിനത്തിലാണ് നിർമ്മാതാവ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന നിവിൻ പോളി ചിത്രം പുറത്തിറങ്ങിയതോടെയാണ് ‘അന്ന’ വീണ്ടും ചർച്ചയായത്. ‘അന്ന’യ്ക്കായി ഔസേപ്പച്ചൻ ഈണമിട്ട് കെ. ജെ. യേശുദാസ് ആലപിച്ച ‘യവന കഥയിലെ ഇടയകന്യകേ’ എന്ന ഗാനം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലും ഉപയോഗിച്ചിരുന്നു. ഇതോടെ പഴയ ഗാനം പുതുതലമുറയ്ക്കിടയിലും ശ്രദ്ധ നേടി. പിന്നാലെ ‘അന്ന’യെക്കുറിച്ചുള്ള അന്വേഷണങ്ങളും ചർച്ചകളും സജീവമായി.
‘അന്ന’യുടെ കഥയും അതിനൊപ്പമുള്ള ഓർമകളും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ചിത്രത്തിന്റെ നിർമ്മാണാവകാശം ഏറ്റെടുത്തതെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ സിനിമയ്ക്ക് പുതിയ തുടക്കമാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും നിർമ്മാതാവ് അറിയിച്ചു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലെത്തും.











