സോഷ്യൽ മീഡിയയിൽനിന്ന് വിട്ടുനിൽക്കുമ്പോൾ കൂടുതൽ സമാധാനം; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയയിൽനിന്ന് വിട്ടുനിൽക്കുന്നത് തന്റെ ജീവിതത്തിൽ കൂടുതൽ സമാധാനം കൊണ്ടുവന്നെന്ന് നടി ഐശ്വര്യ ലക്ഷ്മി. നിർമാതാവ് സൗന്ദര്യ രജനീകാന്തിനും സഹതാരം അർജുൻ ദാസിനുമൊപ്പം തന്റെ പുതിയ നെറ്റ്ഫ്ലിക്സ് സീരീസായ ‘ലവ്’ന്റെ പ്രചാരണത്തിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ തുടരുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും ഐശ്വര്യ പ്രതികരിച്ചു. യൂട്യൂബിലെ ‘ദി പൂജ തൽവാർ ഷോ’യിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. സോഷ്യൽ മീഡിയ ഉപേക്ഷിച്ചിട്ട് ഒരു വർഷത്തോടടുക്കുമ്പോൾ ജീവിതത്തിൽ വലിയ മാറ്റമാണ് അനുഭവപ്പെടുന്നതെന്ന് നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന കാലത്തേക്കാൾ ഇപ്പോൾ തനിക്ക് സമാധാനമുണ്ടെന്നും നിരന്തരം കാര്യങ്ങൾ പരിശോധിച്ച് വിഷമിക്കേണ്ട സാഹചര്യം ഒഴിവായെന്നും അവർ വ്യക്തമാക്കി.

“ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന സമയത്തേക്കാൾ ഏറെ സമാധാനമുണ്ട്. സോഷ്യൽ മീഡിയ വിടാൻ കാരണമായ കാര്യങ്ങൾ ഇപ്പോഴും ചെറിയ അളവിലെങ്കിലും നിലനിൽക്കുന്നുണ്ട്. പക്ഷേ, ഇപ്പോൾ ഞാൻ എപ്പോഴും അത് നോക്കിക്കൊണ്ടിരിക്കുന്നില്ല. അതിനാൽ അത്തരം കാര്യങ്ങൾ കണ്ട് വിഷമിക്കേണ്ടിയും വരുന്നില്ല. മൊത്തത്തിൽ എന്റെ ജീവിതം ഇപ്പോൾ മികച്ച അവസ്ഥയിലാണ്,” ഐശ്വര്യ പറഞ്ഞു.അതേസമയം, പുതിയ കലാകാരന്മാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും സോഷ്യൽ മീഡിയ നൽകുന്ന അവസരങ്ങളെ ഐശ്വര്യ അംഗീകരിക്കുന്നു. ഇൻഡസ്ട്രി അവസരം നൽകിയില്ലെങ്കിലും സ്വന്തം കഴിവുകൾ പ്രേക്ഷകരിലെത്തിക്കാനും സ്വയം വളരാനും സോഷ്യൽ മീഡിയയിലൂടെ സാധിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

കേരളത്തിൽ അടുത്തിടെ ശ്രദ്ധ നേടിയ ‘വാഴ 2’ പോലുള്ള ചിത്രങ്ങളിലേക്ക് സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടിയ താരങ്ങൾ എത്തുന്നതും ഇതിന്റെ ഉദാഹരണമാണെന്നും ഐശ്വര്യ പറഞ്ഞു. എന്നാൽ വ്യക്തിപരമായി സോഷ്യൽ മീഡിയയിൽനിന്ന് പൂർണമായി മാറിനിൽക്കാനാണ് തന്റെ തീരുമാനമെന്നും നടി വ്യക്തമാക്കി. 2025 സെപ്റ്റംബറിലാണ് സോഷ്യൽ മീഡിയ ഉപേക്ഷിക്കാനുള്ള തീരുമാനം ഐശ്വര്യ ലക്ഷ്മി പരസ്യമായി അറിയിച്ചത്. സിനിമയിൽ നിലനിൽക്കാൻ സോഷ്യൽ മീഡിയ അനിവാര്യമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് അത് തന്റെ സ്വതന്ത്രമായ ചിന്തകളെയും ചെറിയ സന്തോഷങ്ങളെയും ബാധിക്കുന്നതായി തോന്നിയതോടെയാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് അന്ന് നടി വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ബയോയിൽ ‘സോഷ്യൽമീഡിയയിൽ ഇല്ല’ എന്നും ഐശ്വര്യ രേഖപ്പെടുത്തിയിരുന്നു. ഈ വർഷം തമിഴിൽ ‘ഗാട്ട കുസ്തി 2’, മലയാളത്തിൽ ‘ആശ’ എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്. ‘ലവ്’ എന്ന വെബ് സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. തെലുങ്കിൽ ഒരുങ്ങുന്ന ‘SYG – സാമ്പരള യേതി ഗട്ടു’വിലും നടി പ്രധാന വേഷത്തിലെത്തുന്നുണ്ട്.