
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ‘ദി തേർഡ് മർഡർ’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. വീക്കെൻഡിൽ മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത സിനിമയ്ക്ക് നിരവധി കേന്ദ്രങ്ങളിൽ ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ലഭിച്ചു. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കണ്ടതിന് പിന്നാലെ സിനിമാ പ്രവർത്തകരും നിരൂപകരും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരൻ നജീബ് മൂടാടിയുടെ ചിത്രത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
അക്രമിക്കപ്പെടുമെന്നോ ജീവനെടുക്കാൻ ആരോ പിന്നാലെയുണ്ടെന്നോ ഉള്ള ഭീതിയിൽ ജീവിക്കേണ്ടിവരുന്ന ഒരാളുടെ മാനസികാവസ്ഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതെന്ന് നജീബ് മൂടാടി വിലയിരുത്തി. ‘അരികിൽ ഒരാൾ’, ‘ചാപ്റ്റേഴ്സ്’ എന്നീ ചിത്രങ്ങൾക്ക് പിന്നാലെ സുനിൽ ഇബ്രാഹിമിന്റെ സിനിമകളിൽ മനുഷ്യ മനസ്സിന്റെ കാണാപ്പുറങ്ങളിലേക്കുള്ള അന്വേഷണമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിചിതരായ മനുഷ്യരുടെ അപരിചിതമായ മുഖങ്ങളും പ്രവർത്തികളും ഉദ്വേഗം നിലനിർത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് സംവിധായകന്റെ സിനിമകളുടെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രില്ലറിനൊപ്പം വൈകാരികമായ കുടുംബകഥയും ഇഴചേർന്നതാണ് ‘ദി തേർഡ് മർഡർ’ എന്നും നജീബ് മൂടാടി അഭിപ്രായപ്പെട്ടു. ഇന്ദ്രൻസ്, സൈജു കുറുപ്പ്, ജിബിൻ ഗോപിനാഥ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി നജീബ് മൂടാടി പറഞ്ഞു. ചിത്രത്തിലെ വിനയ് ഫോർട്ടിന്റെ പ്രകടനത്തിനും പ്രത്യേക പ്രശംസയാണ് ലഭിച്ചത്.
ഭീരുവും നിസ്സഹായനുമായ വിനയൻ എന്ന കഥാപാത്രത്തെ ശരീരഭാഷയിലൂടെയും ഭാവങ്ങളിലൂടെയും വിനയ് ഫോർട്ട് മികച്ച രീതിയിൽ അവതരിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മന്മഥൻ, ആദിത്യൻ എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു. വ്യത്യസ്തമായ ത്രില്ലർ സിനിമകൾക്ക് പ്രേക്ഷകരുണ്ടെന്ന് ചിത്രത്തിന് ലഭിക്കുന്ന തിയേറ്റർ പ്രതികരണം തെളിയിക്കുന്നതായും നജീബ് മൂടാടി വിലയിരുത്തി. മെജോ ജോസഫിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായൊരു ത്രില്ലർ അനുഭവം തേടുന്ന പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബില തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സ്വർണാലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വി. സാജൻ എഡിറ്റിംഗും എം.എസ്. ഫൈസൽ ഖാൻ കഥയും ഒരുക്കിയിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും മെജോ ജോസഫാണ് നിർവഹിച്ചിരിക്കുന്നത്. ഷിജു തമീൻസ് പ്രോജക്ട് ഡിസൈനറാണ്. അരുൺ വി.എസ്., മനാഫ് വള്ളക്കടവ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറായും സുഹൈൽ ഇബ്രാഹിം ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. എം.ആർ. വിബിൻ, ഷമീർ എസ് എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്.
എ.ബി. ജുബിൻ സൗണ്ട് ഡിസൈനും വിനോദ് പി. ശിവറാം സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു. എം. ബാവ പ്രൊഡക്ഷൻ ഡിസൈനും അമൽ ചന്ദ്രൻ മേക്കപ്പും അക്ഷയ പ്രേംനാഥ് കോസ്റ്റ്യൂംസും കൈകാര്യം ചെയ്യുന്നു. ഐ.വി.എഫ്.എക്സ്, കൊച്ചിയാണ് വി.എഫ്.എക്സ് ഒരുക്കിയത്. ഫണൽമീഡിയ, ദുബായാണ് പബ്ലിസിറ്റി നിർവഹിച്ചത്. പ്രതീഷ് ശേഖറാണ് പി.ആർ.ഒ.












