മോഹൻലാലിനൊപ്പം ‘ഓക്കേല ഓക്കേല’യ്ക്ക് ചുവടുവെച്ച് ഗാട്ടോ കിഡ്സ്; വീഡിയോ വൈറൽ

മോഹൻലാലിന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ഓക്കേല ഓക്കേല’യ്ക്ക് താരത്തിനൊപ്പം ചുവടുവെച്ച് ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗാട്ടോ കിഡ്സ്. മോഹൻലാലിന്റെ പഴയകാല ചിത്രമായ ‘വർണപ്പകിട്ട്’ലെ ഗാനം വീണ്ടും ട്രെൻഡിങ്ങാകുന്നതിനിടെയാണ് ഗാട്ടോ കിഡ്സിനൊപ്പമുള്ള താരത്തിന്റെ നൃത്തവീഡിയോ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെയും ഗാട്ടോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’യിൽ ഷക്കീരയ്ക്കൊപ്പം ചുവടുവെച്ചതോടെയാണ് ഗാട്ടോ കിഡ്സ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള നൃത്തത്തിലൂടെയും സംഘം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകാനാണ് ഗാട്ടോ കിഡ്സ് ജോർജിയയിലെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോഴ്സ്, ആദിൽ ഹുസൈൻ, പാർഥിപൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇന്ത്യയുടെ ചരിത്രപ്രധാനമായ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. റഷ്യ–ഉക്രൈൻ യുദ്ധകാലത്ത് ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഇന്ത്യ നടത്തിയ ദൗത്യമാണ് സിനിമയുടെ പ്രമേയം. ജോർജിയ, പോളണ്ട്, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. വിദേശത്തെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ഏറ്റവും വലിയ നിർമാണസംരംഭങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്.

‘ധുരന്തർ’ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ക്യാമറ കൈകാര്യം ചെയ്യുന്നു. ‘ധുരന്തർ’, ‘കിൽ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച സീ യങ് ഓയാണ് ആക്ഷൻ ഡയറക്ടർ. രാജീവൻ പ്രൊഡക്ഷൻ ഡിസൈനറായും ഷമീർ മുഹമ്മദ് എഡിറ്ററായും പ്രവർത്തിക്കുന്നു. ബിഷ്വദീപ് ചാറ്റർജിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. കെ. വി. സഞ്ജിത് വിഎഫ്എക്സ് സൂപ്പർവൈസറായും സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ മിലിട്ടറി അഡ്വൈസറായും ചിത്രത്തിന്റെ ഭാഗമാകുന്നു.

മെൽവി ജെ (കോസ്റ്റ്യൂം ഡിസൈൻ), റോണക്സ് സേവ്യർ (മേക്കപ്പ്), റിന്നി ദിവാകർ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരടക്കം പ്രമുഖ സാങ്കേതിക പ്രവർത്തകരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വിപിൻ കുമാറാണ് പ്രമോഷൻ കൺസൾട്ടന്റ്. ശബരിയും വാഴൂർ ജോസുമാണ് പിആർഒമാർ.
മോഹൻലാലിന്റെ പഴയകാല ഗാനത്തിന് പുതിയൊരു ട്രെൻഡ് സമ്മാനിക്കുന്ന ഗാട്ടോ കിഡ്സിനൊപ്പമുള്ള നൃത്തവീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.