
കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് എപ്പോഴും വീടുകളിൽ പറയാറുണ്ട്. എന്നാൽ, കഞ്ഞി വെള്ളം കുടിക്കാൻ മാത്രമല്ല, മുഖം കഴുകാനും ഉപയോഗിച്ചാണ് നിരവധി ഗുണങ്ങളുണ്ട്. കഞ്ഞിവെള്ളത്തിൽ ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് വളരെ നല്ലതാണ്.
വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവ അടങ്ങിയ കഞ്ഞിവെള്ളം ചർമ്മത്തെ സംരക്ഷിക്കും. കഞ്ഞിവെള്ളത്തിൽ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കറുത്ത പാടുകളെയും ചുവപ്പ് പാടുകളെയും അകറ്റുകയും ചെയ്യും.
കൂടാതെ കഞ്ഞി വെള്ളത്തിന് ആൻറി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മത്തിലെ ചുളിവുകളെ തടയാം. ഒപ്പം തിളക്കമുള്ളതും മൃദുവായതുമായ ചർമം നിലനിർത്തുകയും ചെയ്യാം. കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് കൊളാജൻ ഉൽപ്പാദിപ്പിക്കാനും സഹായിക്കും.
കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നതും വളരെ നല്ലതാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ഇതിലും എളുപ്പമായ മാർഗമില്ല. മുഖത്തിന് സ്വാഭാവിക നിറം ലഭിക്കാനും കഞ്ഞിവെള്ളം ഉപയോഗപ്പെുത്താം. വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും നിറവ്യത്യാസങ്ങൾ മുഖത്ത് കണ്ടാലും കഞ്ഞിവെള്ളം ഉപയോഗിച്ച് മാറ്റാൻ സാധിക്കും.











