മാമുക്കോയയുടെ വ്യത്യസ്ത വേഷവുമായി ‘ഉരു’ തിയേറ്ററുകളിലെത്തുന്നു

ബേപ്പൂരിലെ ഉരു നിര്‍മാണവുമായി ബന്ധപ്പെട്ട സിനിമ ‘ഉരു’ തിയേറ്ററുകളിലെത്തുന്നു. മാര്‍ച്ച് മൂന്നിന് ആണ് ചിത്രം റീലീസ് ചെയ്യുന്നത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അറബ് കേരള ബന്ധത്തിന്റെ തുടക്കം ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടാണ് .. വാണിജ്യ നൗക…

ബേപ്പൂരിലെ ഉരു നിര്‍മാണവുമായി ബന്ധപ്പെട്ട സിനിമ ‘ഉരു’ തിയേറ്ററുകളിലെത്തുന്നു. മാര്‍ച്ച് മൂന്നിന് ആണ് ചിത്രം റീലീസ് ചെയ്യുന്നത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അറബ് കേരള ബന്ധത്തിന്റെ തുടക്കം ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടാണ് .. വാണിജ്യ നൗക ആയും ആഡംബര കപ്പലായും ഉരുവിനെ ഉപയോഗിക്കുന്ന അറബ് വംശജര്‍ കോഴിക്കോട്ടെ ബേപ്പൂരില്‍ എത്തിയതോടെയാണ് പ്രവാസത്തിന്റെ തുടക്കം കുറിക്കുന്നത് .. ഉരു സിനിമ ഈ ചരിത്രവും കൈകാര്യം ചെയ്യുന്നു. ബേപ്പൂരിലെ ഉരു നിര്‍മാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇത് വരെ ആരും സ്പര്‍ശിക്കാത്ത വിഷയമാണ്.

മാമുക്കോയയുടെ നാല്‍പതു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇത് വരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ വേഷമാണ് ‘ഉരു’വിലെ ശ്രീധരന്‍ ആശാരി. ഇ എം അഷ്‌റഫ് ആണ് സംവിധായകന്‍. മന്‍സൂര്‍ പള്ളൂര്‍ നിര്‍മാതാവും.

തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമക്ക് ശേഷം കെ യു മനോജ് ശ്രദ്ധേയമായ വേഷത്തില്‍ ഈ ചിത്രത്തിലുണ്ട്. മഞ്ജു പത്രോസ്, രാജേന്ദ്രന്‍ തായാട്ട്, അനില്‍ ബേബി, അജയ് കല്ലായ്, ആല്‍ബര്‍ട്ട് അലക്‌സ്, ഉബൈദ് മുഹ്‌സിന്‍ അര്‍ജ്ജുന്‍ കെ എസ്, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്‌കര്‍, സാഹിര്‍ പി കെ എന്നിവരും ഇതില്‍ ഉണ്ട്. എ സാബു, സുബിന്‍ എടപ്പാകാത്ത എന്നിവര്‍ സഹ നിര്‍മാതാക്കളാണ്.

അതേസമയം നാലാമത് പ്രേംനസിര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ് പ്രൊഡക്ഷന്‍ നിര്‍മിച്ച ഉരുവിന് മൂന്നു അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. പ്രത്യേക ജൂറി പുരസ്‌കാരം ഉരു സംവിധായകന്‍ ഇ എം അഷ്‌റഫിനും മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരിനും ലഭിച്ചു.ഉരുവിലെ കണ്ണീര്‍ കടലില്‍ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് പ്രഭാവര്‍മ അര്‍ഹനായി.