
കോണ്‍ഗ്രസുകൂടി പങ്കെടുത്തുള്ള സമരത്തിലൂടെയേ ഇന്ത്യയില്‍ ബിജെപിയെ തോല്‍പ്പിക്കാനാകൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കോൺഗ്രസ് നയങ്ങളില്‍ വ്യക്തതയില്ലാത്ത പാര്‍ട്ടിയാണത്. പക്ഷേ കോണ്‍ഗ്രസിനെ കൂട്ടാതെ, തനിച്ച് ബിജെപിയെ തോല്‍പ്പിക്കാം എന്ന ധാരണ സിപിഎമ്മിനില്ല. അത് കോണ്‍ഗ്രസ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് എന്തുകൊണ്ട് ജനങ്ങള്‍ അകന്നു, എന്നും അവർ സ്വീകരിച്ച നിലപാടുകള്‍ തെറ്റാണെന്ന് തുറന്നു പറയാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എവിടെയെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധ്യതയുണ്ടോ, അവിടെയെല്ലാം സഹകരിക്കും. പ്രായോഗികമായി സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ സഹകരണം ഉണ്ടാകില്ല.
ബിജെപിയെയും അവരുടെ നവ ഫാസിസ്റ്റ് നയങ്ങളെയും ചെറുക്കാന്‍ ഇന്ത്യ കൂട്ടായ്മയുടെ ഭാഗമായി നില്ക്കുന്ന എല്ലാ പാര്‍ട്ടികളും ഉത്തരവാദിത്വ ബോധവും, ജാഗ്രതയും ,പക്വതയും കാണിക്കണം. ഇക്കാര്യത്തില്‍ സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് ഒരു കുറവും ഉണ്ടാകില്ല. ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന കടമ ബിജെപിയെ അധികാരത്തില്‍നിന്ന് നിഷ്കാസനം ചെയ്യുക എന്നതാണ്. മാത്രമല്ല, അവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ കോശങ്ങളില്‍ കുത്തിനിറച്ച വെറുപ്പും വിദ്വേഷവും വര്‍ഗീയ വിഷവും ഇല്ലാതാക്കുക കൂടി ചെയ്യണമെന്നും എംഎ ബേബി പറഞ്ഞു.











