‘കൂട്ടുകാരായ അവതാരകര്‍ നേരിട്ടു വിളിച്ചാല്‍ പോലും ചാനലുകളില്‍ സായാഹ്ന ചര്‍ച്ചക്ക് പോകാറില്ല’ ശാരദക്കുട്ടി

ചാനലുകളിലെ ചര്‍ച്ചയ്ക്ക് കുറച്ചു വര്‍ഷങ്ങളായി പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി എഴുത്തുകാരി എസ് ശാരദക്കുട്ടി. ‘നാലറ്റത്തു നിന്നും വരുന്ന അലര്‍ച്ചകളോട് മല്ലിടാനുള്ള ശബ്ദാരോഗ്യമില്ലാത്തതു കൊണ്ടാണ്. വിളിച്ചാലും പങ്കെടുക്കാന്‍ കൂട്ടാക്കാത്ത ഒരാളെന്ന നിലയില്‍ ചര്‍ച്ചകളുടെ നിലവാരത്തെ ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്‍ സംശയമുണ്ട്. ആരൊക്കെയാണ് പങ്കെടുക്കുന്നവര്‍ എന്നു നോക്കി , സമാധാനമായും , കാര്യമാത്രപ്രസക്തമായും സംസാരിക്കുന്നവര്‍ ഉണ്ടെങ്കില്‍ മാത്രമേ സായാഹ്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കാനും പറ്റൂ. സമയത്തിന്റെ വില ഓര്‍ത്തിട്ടാണതെന്നും ശാരദക്കുട്ടി പറയുന്നു.

കുറിപ്പ് വായിക്കാം

പ്രിയ കൂട്ടുകാരായ അവതാരകര്‍ നേരിട്ടു വിളിച്ചാല്‍ പോലും ചാനലുകളില്‍ സായാഹ്നചര്‍ച്ചക്ക് കുറച്ചു വര്‍ഷമായി പോകാറില്ല. നാലറ്റത്തു നിന്നും വരുന്ന അലര്‍ച്ചകളോട് മല്ലിടാനുള്ള ശബ്ദാരോഗ്യമില്ലാത്തതു കൊണ്ടാണ്. വിളിച്ചാലും പങ്കെടുക്കാന്‍ കൂട്ടാക്കാത്ത ഒരാളെന്ന നിലയില്‍ ചര്‍ച്ചകളുടെ നിലവാരത്തെ ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്‍ സംശയമുണ്ട്.
ആരൊക്കെയാണ് പങ്കെടുക്കുന്നവര്‍ എന്നു നോക്കി , സമാധാനമായും , കാര്യമാത്രപ്രസക്തമായും സംസാരിക്കുന്നവര്‍ ഉണ്ടെങ്കില്‍ മാത്രമേ സായാഹ്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കാനും പറ്റൂ. സമയത്തിന്റെ വില ഓര്‍ത്തിട്ടാണത്- ശാരദക്കുട്ടി പറയുന്നു.

പി.സി ജോര്‍ജ്ജ്, പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കാളികളോ കേള്‍വിക്കാരോ ആകില്ലെന്ന കുട്ടുകാരുടെ തീരുമാനത്തെ പിന്താങ്ങുന്നു. പണ്ടേ പി സി ജോര്‍ജ് , രാഹുല്‍ ഈശ്വര്‍, കരിമ്പുങ്കാലാ ഇത്തരം പേരുകള്‍ കണ്ടാല്‍ ശ്രദ്ധിക്കാത്തതിനാല്‍ എനിക്ക് പുതുതായി ഇവരെ ബഹിഷ്‌കരിക്കേണ്ടി വരുന്നില്ല. എങ്കിലും കൂട്ടായ ഒരു തീരുമാനത്തിന്റെ രാഷ്ട്രീയ പ്രസക്തിയെ ആദരിക്കുന്നു.
ഇതു കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നറിയാം. രാഹുല്‍ ഈശ്വറും കരിമ്പും കാലയും പി സി ജോര്‍ജ്ജും വന്നിരുന്ന് അലറിയാലല്ലാതെ ചാനല്‍ ചര്‍ച്ചകള്‍ കൊഴുപ്പിക്കാനാവില്ല. ചെറിയതും സമാധാനമുള്ളതുമായ ശബ്ദങ്ങള്‍ ചാനലുകള്‍ക്ക് നിസ്സാരമാണ്. അതാണവസ്ഥ. അര്‍ഥശൂന്യമായ വലിയ ആക്രോശങ്ങളാണ് അവര്‍ക്കാവശ്യം.
ഒരു പക്ഷേ, ചര്‍ച്ചകള്‍ കൊഴുപ്പിച്ചു നിര്‍ത്താന്‍ കഴിവില്ലാത്തവര്‍ക്കാകും കൂടുതല്‍ പറയാനുണ്ടാകുക. മുയലുകളേക്കാള്‍ കൂടുതലായി കാഴ്ചകള്‍ കാണുന്നത് ആമകളായിരിക്കാം. ദീര്‍ഘ ദൂരാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കാണുന്നവര്‍ക്കു പറയാനുള്ളത് കൂടി കേള്‍ക്കാന്‍ തയ്യാറാകുന്ന ഒരു കാലത്തിനായി കാത്തിരിക്കുവെന്നും എഴുത്തുകാരി കുറിച്ചു.