ചങ്ങാതിക്കരുത്തിൽ നടന്നുകയറി; ഞെട്ടിച്ചു മുഹമ്മദ് ശിബിലി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ദൃശ്യം ഉണ്ടായിരുന്നു. കാണുന്ന ഏവരുടെയും മിഴി നിറക്കുന്ന ഒന്ന്. ഒരു ഒന്നാം കലാസുകാരന്റെ ദൃശ്യങ്ങൾ. ആ ഒന്നാം ക്‌ളാസുകാരൻ നടക്കുമ്പോൾ  ചുറ്റും കൂട്ടുകാരുടെ കയ്യടി, ആര്‍പ്പുവിളി, ആ ഊര്‍ജത്തില്‍ മുഹമ്മദ് ശിബിലി നടന്നു, പിന്നെ പാര്‍ക്കില്‍ പോയി കളിച്ചു. അപ്പോഴെല്ലാം ആരവം അവന്റെ പിന്നാലെയുണ്ടായിരുന്നു. അവന്റെ ചങ്ങാതിമാരും അധ്യാപകരും. ഒന്നാം ക്ലാസില്‍ ചേരാനെത്തുമ്പോള്‍ നടക്കാന്‍ പ്രയാസപ്പെട്ട മുഹമ്മദ് ശിബിലി അന്ന് വീല്‍ച്ചെയറിലായിരുന്നു സ്കൂളില്‍ എത്തിയത്. എന്നാല്‍ ചങ്ങാതിമാരുടെയും അധ്യാപകരുടെയും പിന്തുണയിലും മികച്ച ചികില്‍സയിലും അവന്‍ ഇന്ന് സ്കൂള്‍  നിറയെ കൊതിയോടെ നടന്നുതീര്‍ക്കുകയാണ്. ഈ വിഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും രംഗത്തെത്തി.വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ ആണ്.

മണാശ്ശേരി ഗവർമെന്റ് യു.പി സ്കൂളിൽ , ഒന്നാം ക്ലാസിൽ ചേരുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും പ്രയാസമായിരുന്നു മുഹമ്മദ് ശിബിലിയ്ക്ക്.വീട്ടിലും സ്കൂളിലും വീൽചെയർ ഒരുക്കിയാണ് സ്കൂളിലേയ്ക്കുള്ള വരവ് ഉറപ്പാക്കിയത്.ഉമ്മയുടെ  ഉത്സാഹത്തോടൊപ്പം നിൽക്കുകയായിരുന്നു എല്ലാവരും.ചങ്ങാതിമാരായിരുന്നു പിന്നീടവന്റെ ബലം. മിഥുൻ മാഷും എച്ച് എം ബബിഷ ടീച്ചറും സ്പെഷ്യൽ എഡുക്കേറ്റർ ബിൻസിയും എല്ലാം സ്നേഹ വാത്സല്യത്തോടെ അവനെ ചേർത്തുപിടിച്ചു. എസ്.എസ്.കെയും പാലിയേറ്റീവ് കെയറും നൽകിയ ഫിസിയോ തെറാപ്പി മുടക്കിയിട്ടേയില്ല ശിബിലി. മറ്റുള്ളവരുടെ സ്നേഹത്തിൽ നിന്ന് അവൻ ആർജിച്ചെടുത്ത ഊർജമെത്രയാണെന്ന് കഴിഞ്ഞ ദിവസം അവൻ തെളിയിച്ചു.