എല്ലാ യാത്രക്കാര്‍ക്കും വെള്ളം നല്‍കും; ഒരു വൈറല്‍ വൈറൈറ്റി കണ്ടക്ടര്‍

വേനല്‍ കടുത്തതോടെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ല. യാത്രയ്ക്കിടെ സ്വന്തമായി വെള്ളം കരുതിയില്ലെങ്കില്‍ പണി കിട്ടിയതു തന്നെ. എന്നാല്‍ ഹരിയാനയില്‍ നിന്നുള്ള കണ്ടക്ടറായ സുരേന്ദ്ര ശര്‍മയുടെ ബസില്‍ കയറുന്നവര്‍ വെള്ളത്തിനായി വിഷമിക്കേണ്ടതില്ല. ബസില്‍ കയറുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും സുരേന്ദ്രന്‍ തന്നെ വെള്ളം നല്‍കും.

റോഹ്താംഗില്‍ നിന്നുള്ള സുരേന്ദ്ര ശര്‍മ 12 വര്‍ഷം മുമ്പാണ് ഹരിയാന റോഡ് ട്രാന്‍സ്പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്. അന്നുമുതല്‍ അദ്ദേഹം യാത്രക്കാര്‍ക്ക് വെള്ളം നല്‍കുന്നുണ്ട്. ഐഎഎസ് ഓഫീസര്‍ അവനീഷ് ശര്‍മ്മ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രം വൈറലായതോടെയാണ് സുരേന്ദ്രയുടെ ഈ സല്‍കര്‍മ്മം ലോകം അറിഞ്ഞത്. ഇതാണ് സുരേന്ദ്ര ശര്‍മ. ഹരിയാന റോഡ് ട്രാന്‍സ്പോര്‍ട്ടില്‍ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന റോഹ്താങ് സ്വദേശിയാണ്. ഒരു യാത്രക്കാരന്‍ ബസില്‍ കയറുമ്പോള്‍ അയാള്‍ ആദ്യം ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നു, 12 വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ച അന്ന് മുതല്‍ ഇന്ന് വരെ ഇദ്ദേഹം ഈ പ്രവൃത്തി തുടരുന്നുണ്ട് എന്ന അടിക്കുറിപ്പോടു കൂടിയാണ് ഉദ്യോഗസ്ഥന്‍ ഈ ചിത്രം ട്വിറ്ററില്‍ പങ്കിട്ടത്.

ഫോട്ടോ വൈറലായതോടെ കണ്ടക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാക്കുകള്‍ക്ക് അതീതമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നന്‍ അദ്ദേഹമാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.