കാടിന്‌ പ്രിയപ്പെട്ടവൾ

2008ൽ പുറത്തിറങ്ങിയ ‘മോഹം’ എന്ന ആൽബം ഇന്നും എനിക്കേറെ പ്രിയപ്പെട്ടതാണ്. അതിൽ വരച്ചു കാണിക്കുന്നത് ഒരു സ്ത്രീ ഫോട്ടോഗ്രാഫർക്ക് കാടിനോടുള്ള അടങ്ങാത്ത പ്രണയമാണ്. അതൊരു സങ്കൽപ്പ കഥാപാത്രമാണോ എന്നേറെ അന്വേഷിച്ചിരുന്നു.

എന്നാൽ 6 വർഷങ്ങൾക്കിപ്പുറം അതിനുളള ഉത്തരം എന്നെ തേടി എത്തുകയായിരുന്നു. രണ്ട്‌ വാക്കിൽ പറഞ്ഞാൽ സീമ സുരേഷ്‌. ഒന്നൂടി വ്യക്തമാക്കിയാൽ സീമ സുരേഷ് നീലാംബരി മോഹൻ.

ക്യാമറ കണ്ണിന് ഏറെ പ്രിയപ്പെട്ട ഞങ്ങളുടെ സീമ ചേച്ചി. പെരിനൊപ്പം ഈ നീലാംബരി എങ്ങനെ കടന്നു കൂടി എന്നറിയാൻ ഒരാകാംഷ ഉണ്ടായിരുന്നു. അന്വേഷിച്ചു.. അറിഞ്ഞു…

കാടിനോടുള്ളത് പോലെ തന്നെ മാധവിക്കുട്ടിയുടെ “നഷ്ടപ്പെട്ട നീലാംബരി ” എന്ന ചെറു കഥയോട് തോന്നിയ മറ്റൊരു പ്രണയം. മാധവിക്കുട്ടി എന്ന മരിക്കാത്ത അക്ഷര മൂർത്തിയുടെ കഥകളുടെ ഏടുകൾ ചിത്രങ്ങളായി ലെൻസിന് മുന്നിൽ ശ്വാസമെടുക്കുന്നത് ഞാൻ കണ്ടു.

അച്ഛൻ കർഷകനായിരുന്നത് കൊണ്ടു ചെറുപ്പം മുതൽക്കേ പ്രകൃതിയെ സ്നേഹിച്ചിരുന്നു എന്ന് ചേച്ചി പണ്ട് പറഞ്ഞത്‌ ഞാനോർക്കുന്നു. അച്ഛൻ ആന പുറത്തിരുന്നത് കൊണ്ട് മകൾക്ക്‌ തഴമ്പുണ്ടായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്വയം തിരിച്ചറിയും മുമ്പേ മണ്ണിന്റെ മണവും മഴയുടെ ശബ്ദവും ആ രകതത്തിൽ അലിഞ്ഞു ചേർന്നിരിക്കാം. അത് കൊണ്ടായിരിക്കം പ്രകൃതി നല്ലൊരു മരുന്നാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഏതു മുറിവും ഉണങ്ങുമെന്നുമെന്ന് വിശ്വസിക്കാൻ തുടങ്ങിയത്.

മനുഷ്യരോട് സ്മൈൽ പ്ലീസ് പറഞ്ഞ്‌ മടുത്ത കുറച്ചു പേരെങ്കിലും നമുക്കിടയിൽ വേണ്ടേ.. നാച്ചുറൽ പോസിങ്ങിന്റെ ഭംഗി ഇടയ്ക്കെങ്കിലും ക്യാമറകൾ കാണണ്ടേ .. യാത്രകളെ പ്രണയിക്കുന്നവർക്കാർക്കും സീമ ചേച്ചിയെ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. പുലിയുടെ പടം പിടിക്കാനും കാട്ടിൽ ഒറ്റയ്ക്ക്‌ നടക്കാനും അവർക്ക് പേടി തോന്നാത്തതിൽ എനിക്ക്‌ അതിശയമില്ല. കാരണം പേടിയേക്കാൾ പതിന്മടങ്ങാണ് ആ പാഷൻ.

ക്യാമറയ്ക്ക്‌ പിന്നിലെ ഈ കണ്ണുകൾ ഒരിക്കലും പൊടി പിടിക്കാതിരിക്കട്ടെ.. ഒരിക്കലും മങ്ങാതിരിക്കട്ടെ.. ഒരിക്കലും സ്വപ്നം കാണാൻ മടിക്കാതിരിക്കട്ടെ…

കാടിനെ സ്നേഹിക്കാൻ.. അഗാധമായി ഇങ്ങനെ പ്രണയിക്കാൻ.. മൃഗങ്ങളോട് മനുഷ്യരോടെന്ന പോലെ സംസാരിക്കാൻ ആമസോൺ മഴക്കാടുകളും ലങ്കൻ ചെറു കാടുകളും ഇനിയും നിങ്ങളെ മടുപ്പില്ലാതെ കാത്തിരിക്കും. എത്ര കണ്ടാലും വീണ്ടും ആദ്യമായി കാണുന്നത് പോലെ..

-Jayasree Sadasivan