
ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മത്സരാർത്ഥിയാണ് സർക്കാർ ഉദ്യോഗസ്ഥനായ അനീഷ്. ‘കോമണർ’ എന്ന നിലയിൽ ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആവുകയും ചെയ്ത അനീഷ്, ഷോയ്ക്ക് ശേഷം പൊതുപരിപാടികളിലും ഉദ്ഘാടനങ്ങളിലും സജീവമാണ്. അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം തൻ്റെ വിവാഹത്തെക്കുറിച്ചും ബിഗ് ബോസിലെ വൈറൽ ഡയലോഗുകളെക്കുറിച്ചും സംസാരിച്ചു.
വിവാഹത്തെക്കുറിച്ചും സോഷ്യൽ മീഡിയ വഴി പ്രൊപ്പോസലുകൾ വരുന്നുണ്ടോ എന്ന ചോദ്യത്തിനും അനീഷിൻ്റെ മറുപടി രഹസ്യ സ്വഭാവമുള്ളതായിരുന്നു. “എല്ലാ കാര്യങ്ങളും അങ്ങനെ തുറന്നുപറഞ്ഞാൽ ശരിയാവില്ലല്ലോ. ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് സന്ദേശങ്ങൾ വരുന്നുണ്ട്. പക്ഷേ അത് സീരിയസായി എടുത്തിട്ടില്ല,” അനീഷ് പറഞ്ഞു.
ഭാവി ജീവിതത്തെക്കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു: “ഇനിയൊരു ജീവിതത്തിലേക്ക് നമ്മൾ കാലെടുത്ത് കുത്തുമ്പോൾ അത് പ്രോപ്പറായിരിക്കണം, കറക്റ്റായിരിക്കണം എന്നുള്ളൊരു ആഗ്രഹമുണ്ട്. അത് എൻ്റെ വീട്ടുകാരോട് പറഞ്ഞ് അവരുടെ പൂർണ്ണ പിന്തുണയോടെ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
ബിഗ് ബോസിലെ തൻ്റെ ഹിറ്റ് ഡയലോഗുകൾ വീണ്ടും പറയാമോ എന്ന ആരാധകരുടെ ചോദ്യത്തോട് അനീഷ് സ്നേഹത്തോടെ വിസമ്മതിച്ചു.
“ബിഗ് ബോസിലായിരുന്ന സമയത്ത് ഞാൻ പറഞ്ഞ ഡയലോഗുകൾ ഇത്രയധികം വൈറലാകുമെന്നോ, കത്തിക്കയറുമെന്നോ എനിക്കറിയില്ലായിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് ജനങ്ങൾ അത് ഇത്രയധികം ഏറ്റെടുത്തു എന്ന് മനസ്സിലാക്കുന്നത്. എന്നാൽ, വീണ്ടും അത് പറയുമ്പോൾ അത് വീണ്ടും ട്രോളായി വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങൾ ചോദിച്ച ചോദ്യം ഞാൻ സ്നേഹപൂർവ്വം നിരസിക്കുന്നു,” അനീഷ് കൂട്ടിച്ചേർത്തു. ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ജനപ്രിയ റണ്ണറപ്പായി മാറിയ അനീഷിൻ്റെ വാക്കുകൾ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.











