‘മോനെ സന്തോഷേ, ഇത് ഷോ ഓഫ് ചെയ്യാനുള്ള സ്ഥലമല്ല’; താഷിക്ക് മോഹൻലാലിന്റെ രൂക്ഷവിമർശനം, അവസാന മുന്നറിയിപ്പും

ബിഗ് ബോസ് ഹൗസിലെ താഷി എന്ന സന്തോഷിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി അവതാരകൻ മോഹൻലാൽ. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിലാണ് താഷിയുടെ അമിതമായ ഷോ ഓഫിനെയും ദേഷ്യത്തോടെയുള്ള പെരുമാറ്റത്തെയും മോഹൻലാൽ ചോദ്യം ചെയ്തത്. താഷിയുടെ പെരുമാറ്റത്തിൽ അതൃപ്തിയുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷമായി ഇത് മാറി.

“ഇനി മുതൽ താഷിയല്ല, സന്തോഷ്. എല്ലാവരും അങ്ങനെ വിളിച്ചാൽ മതി. മോനെ സന്തോഷേ, ഇത് ഷോ ഓഫ് ചെയ്യാനുള്ള സ്ഥലമല്ല. നിന്റെ ഷോ വേണമെങ്കിൽ സ്വന്തം വീട്ടിൽ പോയി കാണിച്ചാൽ മതി. ഇവിടെ നിൽക്കണമെങ്കിൽ മര്യാദയ്ക്ക് പറയുന്നത് കേട്ട് നിൽക്കണം,” എന്നായിരുന്നു മോഹൻലാലിന്റെ താക്കീത്. ഹൗസിൽ താൻ വലിയ സംഭവമാണെന്ന് കാണിക്കുന്ന തരത്തിലുള്ള താഷിയുടെ പെരുമാറ്റവും കലിപ്പൻ ഭാവങ്ങളും നേരത്തേ തന്നെ പ്രേക്ഷകർക്കിടയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഹൗസിൽ നടന്ന തർക്കത്തിനിടെ ‘കുറെ ക്യാമറകളും ഇതൊക്കെ കാണാൻ കുറെ ആളുകളും’ എന്ന തരത്തിൽ താഷി നടത്തിയ പരാമർശവും മോഹൻലാൽ ചോദ്യം ചെയ്തു. ദേഷ്യം നിയന്ത്രിക്കണമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടും സമാനമായ പെരുമാറ്റം ആവർത്തിച്ചതാണ് അവതാരകനെ ചൊടിപ്പിച്ചത്. തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന രീതിയിൽ താഷി വിശദീകരിച്ചെങ്കിലും മോഹൻലാൽ അതിൽ തൃപ്തനായില്ല.

ഇതോടെ താഷിക്ക് കൂടുതൽ കടുത്ത നടപടികളും പ്രഖ്യാപിച്ചു. ഇനി മുതൽ ഹൗസിൽ എല്ലാവരും താഷിയെ സന്തോഷ് എന്ന് വിളിക്കണമെന്നും അടുത്ത മൂന്ന് ആഴ്ചത്തേക്ക് സന്തോഷിനെ നേരിട്ട് നോമിനേഷനിൽ ഉൾപ്പെടുത്തുമെന്നും മോഹൻലാൽ അറിയിച്ചു. ഇതോടെ മത്സരാർഥി കൂടുതൽ അസ്വസ്ഥനായതായും എപ്പിസോഡിൽ കാണാം.

താഷിയുടെ അടുത്ത സുഹൃത്തായ നേഹയോടും മോഹൻലാൽ വിഷയത്തിൽ വിശദീകരണം തേടി. താഷിയുടെ ദേഷ്യത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് നേഹയ്ക്ക് വ്യക്തമായ മറുപടി നൽകാൻ ബുദ്ധിമുട്ടുണ്ടായി. താഷിയുടെ ദേഷ്യം അതിരുവിടുന്ന സാഹചര്യമുണ്ടാകാമെന്ന തരത്തിലുള്ള പ്രതികരണവും നേഹയിൽ നിന്നുണ്ടായി.

ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിച്ചാൽ ശാരീരിക ആക്രമണത്തിന്റെ പേരിൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും മോഹൻലാൽ മുന്നറിയിപ്പ് നൽകി. ഈ മുന്നറിയിപ്പോടെ താഷിക്ക് അവസാന അവസരമാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമായി.

മത്സരാർഥികളുടെ പെരുമാറ്റത്തെ നേരിട്ട് ചോദ്യം ചെയ്തും പ്രേക്ഷകരുടെ ആശങ്കകൾ ഉന്നയിച്ചും മോഹൻലാൽ നടത്തിയ ഇടപെടൽ ബിഗ് ബോസ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. താഷിയുടെ തുടർന്നുള്ള പെരുമാറ്റം എങ്ങനെയായിരിക്കുമെന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.