‘ദൃശ്യം 3’ തിരക്കഥകൾ വായിക്കാതെ ഡിലീറ്റ് ചെയ്യും; പുതിയ എഴുത്തുകാരെ വേണ്ടെന്ന് ജീത്തു ജോസഫ്

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ് ‘ദൃശ്യം 3’. ചിത്രത്തെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് അടുത്തിടെ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി പലരും തനിക്ക് തിരക്കഥകൾ മെയിൽ ചെയ്യാറുണ്ടെന്നും എന്നാൽ താൻ അതൊന്നും വായിച്ചു നോക്കാതെ ഡിലീറ്റ് ചെയ്യുകയാണ് പതിവെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദൃശ്യത്തിലേക്ക് പുതിയ എഴുത്തുകാരെ കൊണ്ടുവരാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. മറ്റുള്ളവർ അയച്ചുതരുന്ന തിരക്കഥകൾ വായിച്ചു കഴിഞ്ഞാൽ, അതിലെ ഏതെങ്കിലും ഐഡിയകൾ ഇഷ്ടപ്പെട്ടാൽ അത് ഉപേക്ഷിക്കാനോ തന്റെ ഐഡിയയുമായി മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥ വരുമെന്നതിനാലാണ് മെയിലുകൾ ഡിലീറ്റ് ചെയ്യുന്നത്. ദൃശ്യം ആദ്യ ഭാഗം ഇറങ്ങിയപ്പോൾ തന്നെ പലരും രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് പോലും അക്കാര്യത്തിൽ ഉറപ്പില്ലാത്തതിനാലാണ് അത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഏപ്രിൽ 2-ന് നിശ്ചയിച്ചിരുന്ന ‘ദൃശ്യം 3’-യുടെ ആഗോള റിലീസ് മെയ് 21-ലേക്ക് മാറ്റിയിരിക്കുകയാണ്. മോഹൻലാലിന്റെ ജന്മദിനം കൂടിയാണ് മെയ് 21 എന്നത് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു. ദൃശ്യം 2 ഒടിടി റിലീസ് ആയിരുന്നതിനാൽ, മൂന്നാം ഭാഗം തിയേറ്ററുകളിൽ വലിയ വിസ്മയം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും അടുത്ത നീക്കങ്ങൾ കാണാനായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഇപ്പോൾ കാത്തിരിക്കുകയാണ്.