ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ നാളെ തിയേറ്ററുകളിൽ; ആദ്യ പ്രദർശനം രാവിലെ 9 മണിക്ക്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ നാളെ, സെപ്റ്റംബർ 3ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ആദ്യ പ്രദർശനം രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 53 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കും.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘ലൂസർ’, ‘മഴവില്ലായെ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ലൂസർ’ ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമി’നുണ്ട്.

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ത്രില്ലും ഫാന്റസി ഘടകങ്ങളും നിറഞ്ഞ വമ്പൻ തീയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുകയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.