തമിഴക രാഷ്ട്രീയത്തിലേക്ക് ധനുഷും? പിന്തുണയ്ക്കാൻ രജനീകാന്ത്; നിർണ്ണായക നീക്കങ്ങൾ സജീവം

വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തമിഴ് സിനിമാ ലോകത്ത് നിന്ന് മറ്റൊരു വൻ താരം കൂടി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത നടൻ ധനുഷ് സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണെന്നും, സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പൂർണ്ണ പിന്തുണ ഇതിനുണ്ടാകുമെന്നുമാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ധനുഷ് തന്റെ ആരാധക സംഘടനയായ ‘ഓൾ ഇന്ത്യ ധനുഷ് ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ’ ജില്ലാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാനും, ഭാരവാഹികളെ നിയമിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേവലം സിനിമാ ആഘോഷങ്ങൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാൻ താരം ആരാധകരോട് ആവശ്യപ്പെട്ടത് ഇതിന്റെ ആദ്യപടിയായാണ് കാണക്കാക്കുന്നത്.

ആരോഗ്യകാരണങ്ങളാൽ മുൻപ് സ്വന്തം രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച രജനീകാന്ത്, ധനുഷിന്റെ ഈ പുതിയ നീക്കങ്ങൾക്ക് പിന്നിൽ വലിയ മാർഗ്ഗദർശിയായി നിലകൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ തയാറെടുപ്പുകൾ നടക്കുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.