ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത ‘കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ്’ റഷ്യയിൽ പ്രദർശിപ്പിക്കും.

ടാട്ടർസ്താൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കസാനിൽ നടക്കുന്ന ഇന്ത്യ–റഷ്യ ബിസിനസ് ഫോറം–ടൈമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഒക്ടോബർ 14 മുതൽ 16 വരെയാണ് ചലച്ചിത്രമേള. റഷ്യൻ ഫെഡറേഷനിലെ 35 കോൺസ്റ്റിറ്റ്യുവന്റ് എന്റിറ്റികളിൽനിന്നും ഇന്ത്യയിലെ 22 അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിൽനിന്നുമായി 3000-ത്തിലധികം പ്രതിനിധികളാണ് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നത്.

‘Poetry and Cinema: Common Languages of Cultural Exchange’ എന്ന വിഷയത്തിൽ ഒക്ടോബർ 15ന് നടക്കുന്ന സെഷനിൽ സംസാരിക്കാനും സംവിധായകൻ ഡോ. അഭിലാഷ് ബാബുവിന് ക്ഷണം ലഭിച്ചിട്ടുണ്ട്. വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്തമായ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ചിത്രം. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമിച്ച ചിത്രം 2025ലാണ് പൂർത്തിയായത്. ഔസേപ്പച്ചനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീപാർവ്വതി, സൂര്യ എ എസ്, അപർണ ആശോക്, റുഖിയ ബീവി, രാജേഷ് ബി, അജിത് വിദ്യാസാഗർ, കെൻഷിൻ, ഫൈസൽ അനന്തപുരി, ജോമി ജോർജ്, വിഷ്ണുദാസ്, പി. കെ. കുഞ്ഞ്, കൃഷ്ണൻ നായർ, കൃഷ്ണദാസ്, ഷാജി ശാസ്തമംഗലം, പ്രദീപ് കുമാർ, സെബാസ്റ്റ്യൻ ജൂലിയൻ, ശബരി എസ്. ജീവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 48-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ‘കൃഷ്ണാഷ്ടമി’ ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് കേരളത്തിലെ വിവിധ പ്രാദേശിക ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചു.

കാർത്തിക് ജോഗേഷാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജിതിൻ മാത്യു ഛായാഗ്രഹണവും അനു ജോർജ് എഡിറ്റിംഗും നിർവഹിക്കുന്നു. രബീഷ് സൗണ്ട് ഡിസൈനും ഷാജി എ. ജോൺ പ്രോജക്ട് ഡിസൈനും ദിലീപ് ദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ജയേഷ് എൽ. ആർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ഋഷിപ്രിയൻ ലൈവ് സൗണ്ടും ബിനു സത്യൻ മേക്കപ്പും അനന്തപത്മനാഭൻ കോസ്റ്റ്യൂംസും കൈകാര്യം ചെയ്യുന്നു. അഭിജിത്ത് ചിത്രകുമാർ, മഹേഷ് മധു, ഹരിദാസ് എന്നിവർ സഹസംവിധായകരാണ്.