
ഭാഗ്യദേവതയിലൂടെ എത്തി ഇപ്പോൾ മലയാളത്തിന്റെ ഭാഗ്യ നായികയായി തിളങ്ങുകയാണ് നിഖില വിമൽ. ഗുരുവായൂരമ്പലനടയിൽ, നുണക്കുഴി എന്നിങ്ങനെ അടുത്തിടെ താരത്തിന്റെ ചിത്രങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഒപ്പം സോഷ്യൽ മീഡിയയിലെ തഗ് സ്റ്റാർ എന്നൊരു പട്ടം കൂടെ നിഖിലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള താരത്തിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. എപ്പോഴത്തെയും പോലെ തന്റെ രീതിക്ക് തന്നെയായിരുന്നു നിഖിലയുടെ മറുപടി.
ലവ് ഓർ അറേഞ്ച്ഡ് മാര്യേജിനോടാണോ താല്പര്യം എന്നതായിരുന്നു ചോദ്യം. ഇതിന് ‘എനിക്ക് വിവാഹത്തോട് താത്പര്യമില്ല. നോ മാര്യേജ്. എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേൽ കഴിക്കും’, എന്നായിരുന്നു നിഖില മറുപടി നൽകിയത്.
കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടെ അടുത്ത റിലീസ്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേതിൽ ദേവിക, അനുശ്രീ, ഹക്കിം ഷാജഹാൻ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങളും കഥ ഇന്നുവരെയിൽ ഭാഗമാണ്.











