
മലയാള സിനിമയിലെ പ്രിയ നടി ഗ്രേസ് ആന്റണിയും ഭർത്താവും സംഗീത സംവിധായകനുമായ എബി സിറിയക്കും അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കവെ, “അന്ന് അവൾ ഒന്നുമറിയാത്ത കൊച്ചുകുട്ടിയാണ്, എനിക്ക് വേണ്ട രീതിയിൽ ഞാൻ ഗ്രൂം ചെയ്തെടുത്തു” എന്ന എബിയുടെ പരാമർശമാണ് വിമർശനങ്ങൾക്ക് കാരണമായത്. റിലേഷൻഷിപ്പിലെ ‘ഗ്രൂമിങ്’ ഒരു തമാശയല്ലെന്നും അത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം.എന്നാൽ വിമർശനങ്ങൾക്ക് പരോക്ഷമായ മറുപടിയുമായി ഗ്രേസ് ആന്റണി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുത്തൻ ബിഎംഡബ്ല്യു കാർ ഓടിച്ചുപോകുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. “പെർഫെക്ട് ഗ്രൂമിങ് ഏട്ടായി” എന്ന ക്യാപ്ഷനോടെയാണ് ഗ്രേസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിമർശനങ്ങളെ തമാശരൂപേണ നേരിടാനാണ് ഗ്രേസ് ശ്രമിച്ചതെങ്കിലും, ഈ പ്രതികരണവും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.തങ്ങൾ പ്രണയത്തിലാകുമ്പോൾ തനിക്ക് 19 വയസ്സും എബിക്ക് 27 വയസ്സുമായിരുന്നു പ്രായമെന്ന് ഗ്രേസ് മുൻപ് വ്യക്തമാക്കിയിരുന്നു. എട്ട് വയസ്സ് പ്രായവ്യത്യാസമുള്ള ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ‘ഗ്രൂമിങ്’ നടന്നുവെന്ന ആരോപണം ഗൗരവകരമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഗ്രേസിന്റെ പോസ്റ്റിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. നടി സാനിയ അയ്യപ്പൻ അടക്കമുള്ള പ്രമുഖർ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.











