വേറിട്ട ഗെറ്റപ്പുകളിൽ വിശാൽ; ‘മകുടം’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

തെന്നിന്ത്യൻ മുൻനിര നായകനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ആക്ഷൻ എൻ്റർടെയ്നർ ചിത്രം ‘മകുട’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. വിശാൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ, വൃദ്ധൻ്റെ വേഷത്തിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ആഗസ്റ്റ് ഒന്നിന് ചിത്രീകരണം ആരംഭിച്ച ‘മകുടം’, പ്രമുഖ നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസിന്റെ 99-ാമത്തെ ചിത്രമാണ്. വിശാലിന്റെ കരിയറിലെ 35-ാമത്തെ സിനിമ കൂടിയാണിത്.

രവി അരസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞുനിൽക്കുന്ന ടൈറ്റിൽ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണ ലൊക്കേഷനുകൾ.

വിശാലെൻ്റെ നായികയായി ദുഷാര വിജയനാണ് ചിത്രത്തിൽ എത്തുന്നത്. ‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റിന് ശേഷം ജി.വി. പ്രകാശ് സംഗീതം നൽകുന്ന വിശാൽ ചിത്രം കൂടിയാണിത്. വിശാലിന്റെ വിജയ ചിത്രങ്ങളായ ‘സമർ’, ‘നാൻ സിഗപ്പു മനിതൻ’, ‘കത്തി സണ്ടൈ’, ‘മദ ഗജ രാജ’ എന്നിവയ്ക്ക് ക്യാമറ ചലിപ്പിച്ച റിച്ചാർഡ് എം. നാഥനാണ് ‘മകുട’ത്തിൻ്റെയും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.