അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

indian constitution

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ആദ്യത്തെ സുപ്രധാനമായ നേട്ടം നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ ഭരണഘടനയുടെ രൂപീകരണമായിരുന്നു. എങ്കിലും ആ ഭരണഘടന ക്രമത്തിലധികം ദീർഘവും സങ്കീർണവും ആയിരുന്നു എന്ന വിമർശനം ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ വസ്തുതകളെ സംബന്ധിച്ചിടത്തോളം ഈ വിമർശനത്തിൽ കുറെ ന്യായമുണ്ടെന്ന് പറയാം. എങ്കിലും ആകെ കൂടി നോക്കിയാൽ ഭരണഘടനയിൽ ആരോപിക്കാറുള്ള അമിത വിസ്താരവും സങ്കീർണതയും പുറമേ കാണുന്നിടത്തോളം ഇല്ല എന്നതാണ് വസ്തുത.

ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ അഭിമുഖീകരിച്ചതുപോലെ വൈഷമ്യമേറിയ ഒരു കർത്തവ്യം അത്തരത്തിലുള്ള മറ്റൊരു സഭയും നിർവഹിച്ചിട്ടില്ല എന്നതാണ് അടിവരയിട്ടു പറയേണ്ടുന്നത്. 36 കോടി ജനസംഖ്യയുള്ള അന്നത്തെ ഇന്ത്യയെപ്പോലെ അതിവിശാലമായ ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തിന് അനുയോജ്യമായ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനുവേണ്ടി തയാറാക്കുന്ന ഏതൊരു ഭരണഘടനയും അത്തരത്തിൽ സങ്കീർണമാകാതെയിരിക്കാൻ തരമില്ല. എന്നാൽ കേവലം ജനസംഖ്യാവലിപ്പം മാത്രമല്ല ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ നേരിടേണ്ടി വന്നത്. ഭാഷ, വർഗം, മതം, സംസ്‌ക്കാരം എന്നിവയെ സംബന്ധിച്ച് ആരെയും അമ്പരപ്പിക്കുന്ന വൈവിധ്യം അവിടെയുണ്ട്.

ഇക്കഴിഞ്ഞ 72 വർഷങ്ങളായി സമാധാനപരമെങ്കിലും വിപ്ലവാത്മകമായ ഒരു പരിവർത്തന പരിപാടി ഏറ്റെടുത്തിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് ഈ ഭരണഘടന ഏറെക്കുറെ പര്യാപ്തമായിട്ടാണ് കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ അതിന്റെ പ്രവർത്തനം വാസ്തവത്തിൽ എപ്രകാരമായിരുന്നു എന്ന വസ്തുത പരിശോധന അർഹിക്കുന്നു.

ഇൻഡ്യാസ് കോൺസ്റ്റിട്യൂഷൻ എന്ന പേരിൽ 1962ൽ ഏഷ്യ പബ്ലിഷിങ് ഹൗസ് ബോംബൈയിൽ നിന്നു പ്രസിദ്ധീകരിച്ച ഡോ വി എം പൈലിയുടെ പുസ്തത്തിന്റെ മലയാള രൂപാന്തരണമാണ് ഈ പുസ്തകം. കഴിഞ്ഞ 40 ഓളം വർഷങ്ങളിൽ അനേകം പുതിയ പതിപ്പുകൾ പുറത്തിറങ്ങുകയും ബെസ്റ്റ് സെല്ലർ എന്ന പദവിയിൽ എത്തുകയും ചെയ്ത സവിശേഷ ഗ്രന്ഥമാണ് ഇൻഡ്യാസ് കോൺസ്റ്റിട്യൂഷൻ. മലയാള രൂപത്തിനും അനേകം പതിപ്പുകൾ (15 പതിപ്പുകൾ) ഇറങ്ങി. മലയാള വിജ്ഞാന സാഹിത്യത്തിലെ ബെസ്റ്റ് സെല്ലർ ആണ് ഈ പുസ്തകം. 2017 ൽ ഇറങ്ങിയ ഈ പതിപ്പ് അന്നുവരെയുള്ള പുതിയ ഭരണഘടനാ ഭേതഗതികൾ ഉൾപ്പെടുത്തി സമഗ്രമായി പരിഷ്‌ക്കരിക്കപ്പെട്ടതാണ്.

ഒരു ഭരണഘടനയും കുറ്റമറ്റതല്ല, ഇന്ത്യൻ ഭരണഘടനയും ഈ സാമാന്യനിയമത്തിന് അപവാദമല്ല. മഹത്തായ ഇന്ത്യ പണിതുയർത്തുന്നതിൽ ഭരണഘടയ്ക്ക് അടിസ്ഥാനകാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അതിന്റെ ശിൽപികൾ ഉറച്ചു വിശ്വസിച്ചു. ഡോ അംബേദ്കറുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.
അത് പ്രവർത്തന ക്ഷമമെന്നും ആവശ്യാനുസരണം മാറ്റങ്ങൾ അനുവദിക്കുന്നതുമാണെന്നാണ് എനിക്കു തോന്നുന്നത്. സമാധാന കാലങ്ങളിലും യുദ്ധ കാലങ്ങളിലും രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താനുള്ള ബലം അതിനുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പുതിയ ഭരണഘടനയ്ക്കു കീഴിൽ കാര്യങ്ങൾ തകരാറിലാകുകയാണെങ്കിൽ അതിനു കാരണം നമുക്കൊരു പ്രയോഗക്ഷമമല്ലാത്ത ഭരണഘടന ഉണ്ടായതു കൊണ്ടായിരിക്കുകയില്ല എന്നെനിക്കു തീർച്ചയുണ്ട്. മനുഷ്യൻ കുഴപ്പക്കാരനായതു കൊണ്ടാണന്നേ എനിക്കിപ്പോൾ പറയാൻ കഴിയൂ.

ജയ് ശ്രീറാം വിളികളും തക്ബീറും രാഷ്ട്രീയ മുദ്രാവാക്യമായി മാറിയ ഈ മന്ത്രിസഭയുടെ ആദ്യ പാർലമെന്റ് സമ്മേളനം അദ്ദേഹം പറഞ്ഞത് യാഥാർഥമായി മാറുമോ എന്ന് ആശങ്കപ്പെടുത്തുന്നു.

നമ്മുടെ ഭരണഘടയെ സഗൗരവം മനസ്സിലാക്കാൻ സഹായിക്കുന്ന മികച്ചതും വിഖ്യാതവുമായ മലയാള ഗ്രന്ഥം.
പേജ് 602 വില രൂ325