കൂടത്തായി ജോളിയുടെ അറിയാക്കഥകൾ; നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി 22ന്

ഒരേ കുടുംബത്തിലെ ആറ് പേരുടെ ഞെട്ടിക്കുന്ന മരണങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ച സ്ത്രീയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആസ്പദമാക്കി ഇന്ത്യാ ടുഡേ-നെറ്റ്ഫ്ലിക്സ് ഒർജിനൽസ്  ഒരുക്കുന്ന `കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ്´ എന്ന ഡോക്യുമെൻ്ററിയുടെ ട്രെയിലർ റിലീസ് ചെയ്തു. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.  ഇന്ത്യാ ടുഡേ ഒറിജിനൽസ് നിർമ്മിച്ച പരമ്പര ഡിസംബർ 22 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാന്ദ്‌നി അഹ്ലാവത് ദബാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മൗമിത സെൻ, സൂപ്പർവൈസിംഗ് എഡിറ്റർമാർ: സാച്ച് കാഷ്കെറ്റ്, ജെയിംസ് ഹേഗുഡ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് നെറ്ഫ്ലിക്സ് ഡോക്യുമെന്ററിയാക്കുന്നത്. ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവർ ട്രെയിലറിൽ വന്നുപോകുന്നുണ്ട്. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലിനെയും ഇതിൽ കാണാൻ സാധിക്കും.

ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിലൂടെ പറഞ്ഞുവെക്കുന്നു. കൂടത്തായി പരമ്പര കൊലക്കേസുകൾ വീണ്ടും ലോകം കാണാൻ തയ്യാറെടുക്കുമ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധയാകർഷിക്കുകയാണ്. കേസിൻ്റെ വിചാരണയ്ക്കിടയിൽ ജോളിയുടെ സുഹൃത്തായ ജോൺസൺ ചില നിർണ്ണായക വെളിപ്പെടുത്തലുകൾ കോടതിയിൽ നടത്തിയിരുന്നു. കൂടത്തായി കൊലപാതകങ്ങൾ സംബന്ധിച്ച് ജോളി തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നുവെന്നാണ് ജോൺസൺ വിചാരണ നടക്കുന്ന വേളയിൽ കോടതിയിൽ പറഞ്ഞത്. സാക്ഷിവിസ്താരത്തിലാണ് ജോൺസൻ്റെ തുറന്നു പറച്ചിൽ. ബിഎസ്എൻഎൽ. ജീവനക്കാരനായ താനുമായി ജോളിക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു എന്നാണ് ജോൺസൺ ജോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ഇരുപത്തിയൊന്നാം സാക്ഷിയാണ് ജോൺസൺ. കൂടത്തായി കൊലക്കേസുകളുടെ തുടർ അന്വേഷണവുമായി ബന്ധപ്പെട്ട് 2019-ഒക്ടോബർ നാലിനാണ് അന്വേഷണസംഘം കല്ലറപൊളിക്കുന്നത്. അതിനുമുൻപ് ഒക്ടോബർ രണ്ടിന് ജോളി തന്നെ വിളിച്ചു വരുത്തിയിരുന്നു. കല്ലറ പൊളിക്കുന്നത് തടയാനാവുമോ എന്നാണ് അന്ന് തന്നോട് ജോളി ചോദിച്ചത്. കല്ലറ പൊളിക്കുന്നത് എന്തിനാണ് തടയുന്നതെന്ന് ചോദിച്ചപ്പോഴാണ് ജോളി തന്നോട് കാര്യങ്ങൾ പറയുന്നത്. ബന്ധുക്കളുടെ മരണത്തിൽ തനിക്കുള്ള പങ്കിനെക്കുറിച്ചും കല്ലറപൊളിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ചും ജോളി തന്നോട് വെളിപ്പെടുത്തുകയായിരുന്നു എന്നും ജോൺസൺ പറഞ്ഞു.

കല്ലറ പൊളിച്ച് അതിനുള്ളിലെ ശരീരഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചാൽ താൻ കുടുങ്ങുമെന്ന് ജോളി ഭയപ്പെട്ടിരുന്നു എന്നാണ് ജോൺസൺ കോടതിയിൽ വ്യക്തമാക്കിയത്. റോയി തോമസിന്റെ അമ്മ അന്നമ്മ തോമസിനെ വിഷംനൽകിയും മറ്റ് അഞ്ചുപേരെ സയനൈഡ് നൽകിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും ജോൺസൺ വ്യക്തമാക്കി. കല്ലറ തുറക്കുന്നതിനുമുമ്പ് മൃതദേഹാവശിഷ്ടങ്ങൾ മാറ്റണമെന്നായിരുന്നു ജോളിയുടെ ആവശ്യം. കുറ്റകൃത്യം പുറത്തുവരുമെന്ന് ഭയന്ന ജോളി കേസ് നടത്തണമെന്നും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോൺസൺ പറഞ്ഞു. അതിനായി സ്വർണാഭരണങ്ങളും തന്നെ ഏൽപ്പിച്ചിരുന്നതായി ജോൺസൺ വ്യക്തമാക്കി. ഭാര്യ അറിയാതെ സ്വകാര്യമായി മറ്റൊരുനമ്പറിലാണ് താൻ  ജോളിയുമായി സംസാരിച്ചിരുന്നതെന്നും ജോൺസൺ പറഞ്ഞിരുന്നു. കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയായ ജോളിക്കെതിരെ മകന്റെ മൊഴിയും നിർണായകമായി. കൂടത്തായി കുടുംബത്തിലെ ആറ് കൊലപാതകങ്ങളും താന്‍ ചെയ്തതാണ് എന്ന് ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നു എന്നാണ് ജോളിയുടെ മകന്റെ മൊഴി. ജോളിയുടെ ആദ്യ ഭര്‍ത്താവായിരുന്ന റോയ് തോമസ് കൊലക്കേസിന്റെ വിചാരണ ഘട്ടത്തിലാണ് മകന്റെ നിര്‍ണായക മൊഴി. ചില പത്ര വാര്‍ത്തകളില്‍ നിന്നാണ് ഡോഗ് കില്‍ എന്ന വിഷത്തെക്കുറിച്ച് ജോളി മനസിലാക്കിയത്.  കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് അസുഖമുള്ള നായയെ കൊല്ലാനാണെന്നും പറഞ്ഞാണ് മരുന്ന് കുറിപ്പടി ജോളി വാങ്ങുന്നത്. ഡോഗ് കില്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പിന്‍റെ വിശദാംശങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും മറ്റ് തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ജോളി മാത്രമാണ് കേസില്‍ പ്രതി. നൂറ്റി അന്‍പതിലധികം സാക്ഷികളുണ്ട്.