Film News

എനിക്കന്ന് പീരിഡ്‌സ് ആയിരുന്നു ; വിവാദത്തിൽ പ്രതികരിച്ച്  നടി മെറീന മൈക്കിൾ 

കമൽ സംവിധാനം ചെയ്യുന്ന  നാളെ റിലീസിനെത്തുന്ന ഷൈന്‍ ടോം ചാക്കോ ചിത്രമാണ് ‘വിവേകാനന്ദന്‍ വൈറലാണ്’. ചിത്രത്തിൽ നായികമാരായ  ഗ്രെസ് ആന്റണിയും,  സ്വാസികയ്‌ക്കും ഒപ്പം  മെറീന മൈക്കിളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യുവിനിടെ കഴിഞ്ഞ ദിവസം നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കിച്ച് നടി മെറീന മൈക്കിള്‍ എഴുന്നേറ്റ് പോയ സംഭവം ഏറെ  ചർച്ചയായിരുന്നു.താന്‍ അഭിനയിച്ചൊരു സിനിമയുടെ സെറ്റില്‍ നടന്മാര്‍ക്ക് കാരവാന്‍ നല്‍കിയപ്പോള്‍ തനിക്ക് നല്ല ബാത്ത് റൂമുള്ള മുറി പോലും നല്‍കിയില്ലെന്നാണ് മെറീന അന്ന്  പറഞ്ഞത്. പിന്നാലെ ആ നടന്മാര്‍ ആരാണെന്ന് പറയാന്‍ ഷൈന്‍ ടോം ചാക്കോ ആവശ്യപ്പെടുകയായിരുന്നു. പുരുഷന്മാരെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്നും ഷൈന്‍ ടോം ചാക്കോ  പറഞ്ഞിരുന്നു. തുടര്‍ന്നാണ് മെറീന എഴുന്നേറ്റ് പോകുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മെറീന.

ഈ ഇന്റര്‍വ്യു ഓണ്‍ എയര്‍ ആയ ശേഷം ഒരുപാട് പേര്‍ മെസേജ് അയക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ അടുത്തൊരു ഇന്റര്‍വ്യുവിനും ആളുകള്‍ വിളിക്കുന്നുണ്ട്. മിക്ക ആളുകള്‍ക്കും തോന്നിയത് ഇത് സ്‌ക്രിപ്റ്റഡ് ആയിരുന്നുഎന്നാണ്. എന്നാല്‍, ഇത് സ്‌ക്രിപ്റ്റഡ് ആയ ഇന്റര്‍വ്യു അല്ല. എനിക്കുണ്ടായൊരു പ്രശ്‌നം ഞാന്‍ സംസാരിച്ചതാണ്.  എനിക്ക് ഒരുപാട് വിഷമം തോന്നുകയും, പ്രതികരിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ഇറങ്ങിപ്പോവുകയും ചെയ്ത ഇന്റര്‍വ്യു ആയിരുന്നു അത് . ഞാന്‍ എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല എന്ന് തോന്നി. അതുകൊണ്ടാണ് എഴുന്നേറ്റ് മാറിപ്പോയത്. ഒന്നാമത്തെ കേസ്, ഇന്റര്‍വ്യുവിന്റെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ പറയുന്നത് ഇവള്‍ ആണുങ്ങളെ മൊത്തം പറയുന്നു, ഫെമിനിസ്റ്റാണ്, വിക്ടം കാര്‍ഡ് പ്ലേ ചെയ്യുന്നു എന്നൊക്കെയാണ്. ഞാന്‍ എല്ലാ ആണുങ്ങളും എന്നല്ല പറഞ്ഞത്, എന്റെ സുഹൃത്തായ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചുമല്ല പറഞ്ഞത്. ചില ആളുകള്‍, ആ ചിലര്‍ ആണുങ്ങള്‍ ആയതിനാല്‍ ആണുങ്ങള്‍ എന്ന് പറഞ്ഞുവെന്നേയുള്ളൂ. വ്യക്തിപരമായി അതുകാരണം ഏതെങ്കിലും ആര്‍ട്ടിസ്റ്റിനോ നിങ്ങള്‍ക്കാര്‍ക്കെങ്കിലോ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു.

ഒരിക്കലും ഞാന്‍ അത് ഉദ്ദേശിച്ച് പറഞ്ഞതല്ല. എന്റെ ജീവിതത്തിലുണ്ടായ ഒരുപാട് സങ്കടങ്ങളില്‍ നിന്നും ഒന്നോ രണ്ടോ സംഭവങ്ങള്‍ ഇങ്ങനെയായിപ്പോയി എന്ന് പറഞ്ഞതാണ്. ഇനി പറഞ്ഞു വന്ന കാര്യത്തിലേക്ക്. ഞാന്‍ തിരുവനന്തപുരത്ത് ഒരു സിനിമ ചെയ്യുകയായിരുന്നു. ആ സിനിമയില്‍ രണ്ട് നടന്മാരും ഉണ്ടായിരുന്നു. എനിക്കന്ന് പീരിഡ്‌സ് ആയിരുന്നു. ആ സമയത്ത് റൂമിനൊപ്പം നല്ലൊരു ബാത്ത് റൂം കൂടെ  സാധാരണ നമ്മള്‍ ആഗ്രഹിക്കുമല്ലോ, എന്നാല്‍ അവര്‍ എനിക്ക് തന്ന റൂമില്‍ നല്ലൊരു ബാത്ത് റൂം പോലുമില്ലായിരുന്നു. പക്ഷെ ആ നായക നടന്മാര്‍ക്ക് കാരവന്‍ കൊടുത്തിരുന്നു. സംസാരിച്ചിരിക്കെ ബാത്ത് റൂം പോലുമില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ മാന്യന്മാര്‍ ആയതിനാല്‍ കാരവാന്‍ യൂസ് ചെയ്‌തോളാന്‍ പറഞ്ഞു. പക്ഷെ അത് അവര്‍ക്ക് നല്‍കപ്പെട്ടത് ആയതിനാല്‍ ഞാന്‍ അതിന്റെ പുറകെ പോയില്ല. ഇതൊരു ഒറ്റ സംഭവമല്ല. മെറീന പറയുന്നു , വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ സെറ്റില്‍ കാരവന്‍ കൊടുത്തില്ലേ എന്ന് താന്‍ വിളിച്ചു ചോദിച്ചിരുന്നുവെന്ന് ഷൈന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ ചോദിക്കേണ്ട സാഹചര്യത്തില്‍ തന്നെ കാര്യം മനസിലാകും. ഞാനൊരു സെറ്റില്‍ പോയി ഷൈന്‍ ടോമിന് നല്ലൊരു കാരവന്‍ കൊടുത്തില്ലേ എന്ന് ചോദിക്കേണ്ടതില്ല. ഈ സിനിമയുടെ സെറ്റ് എനിക്ക് വളരെ കംഫര്‍ട്ടബിളായിരുന്നു. താമസവും ഭക്ഷണവുമെല്ലാം. തിരുവനന്തപുരത്തെ സിനിമയില്‍ എനിക്ക് അവര്‍ താമസം ഒരുക്കിയത് ഒരു ബാര്‍ ഹോട്ടലില്‍ ആയിരുന്നു. എന്നും ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ഹോട്ടലിന് താഴെ നിറയെ കള്ളുകുടിച്ചവരായിരിക്കും.

അസിസ്റ്റന്റ് വേറെ ഹോട്ടലിലാണ് താമസിക്കുന്നത്. വണ്ടി നിര്‍ത്തിയതും ഞാന്‍ ഓടിയാണ് അകത്ത് കയറുക. രാത്രി പിന്നെ പുറത്തിറങ്ങില്ല. ഒട്ടും കംഫര്‍ട്ടബിളല്ല, പേടി പോലെ. അതിനാല്‍ എനിക്ക് ഹോട്ടല്‍ മാറ്റി തരണം എന്ന് പറഞ്ഞു. റൂമില്ല എന്നായിരുന്നു മറുപടി. പിന്നീട് ഞാന്‍ തന്നെ വിളിച്ച് സംസാരിച്ച് മേടിച്ചെടുക്കുകയായിരുന്നു. നാളെ എന്തെങ്കിലും പറ്റി, ഞാന്‍ പരാതിപ്പെട്ടാല്‍ നിങ്ങള്‍ ചോദിച്ച് വാങ്ങണായിരുന്നു എന്നാകും പറയുക. ഈ ഗതികേടിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അല്ലാതെ ആണുങ്ങള്‍ എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നൊന്നുമല്ല. എന്നോട് മാന്യമായി പൊരുമാറിയ ഒരുപാട് ആളുകളുണ്ട്. എന്തെങ്കിലും പറയുമ്പോള്‍ ഫെമിനിസ്റ്റ് ആണെന്നാണ് പറയുന്നത്. ഇത് ഫെമിസം അല്ല, ഗതികെട്ട അവസ്ഥയാണ്. ചെറിയ കാര്യങ്ങള്‍ പോലും സംസാരിക്കേണ്ടി വരുന്നത്. കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും പറ്റുന്നില്ല, കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നാകുമ്പോള്‍ എഴുന്നേറ്റ് പോവുകയല്ലാതെ വേറെ വഴിയില്ല. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എനിക്ക് ഇങ്ങനെ ഫേക്ക് ചെയ്ത് മടുത്തു. ഭയങ്കര ബോള്‍ഡാണ് ബോള്‍ഡാണ് എന്ന് ഫേക്ക് ചെയ്ത് മടുത്തു. ഞാനത്ര ബോള്‍ഡ് ഒന്നുമല്ല. ഞാന്‍ വളരെ സെന്‍സിറ്റീവാണ്. എന്റെ വീട്ടിലുള്ളവരുടെ പ്രാര്‍ത്ഥന കൊണ്ടോ എന്റെ ധൈര്യം കൊണ്ടോ ആണ് ഞാന്‍ രക്ഷപ്പെട്ട് പോകുന്നത്. ആളുകള്‍ എന്നോട് മോശമായി പെരുമാറാരുത് എന്ന് കരുതി ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്ത് എടുത്ത പേഴ്‌സണാലിറ്റിയിലാണ് ഞാന്‍ പോകുന്നത്. അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ ചില സാഹചര്യങ്ങള്‍ ബാധിക്കും. പണ്ട് കാരവന്‍ ഇല്ലാത്ത കാലത്ത് ശോഭനയും ഉര്‍വ്വശിയുമൊക്കെ ഷീറ്റ് വിരിച്ച് പിടിച്ച് വസ്ത്രം മാറിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഞാന്‍ ഏതെങ്കിലും സെറ്റില്‍ അങ്ങനെ ചെയ്താല്‍ അടുത്ത സെറ്റില്‍ പോകുമ്പോള്‍ പറയുക അതിന് റൂമൊന്നും വേണ്ട, ബെഡ് ഷീറ്റിന്റെ മറവില്‍ ഇരുന്നാണെങ്കിലും വസ്ത്രം മാറും എന്നാകും. അതുകൊണ്ടാണ് ഓരോ ചെറിയ കാര്യങ്ങളും ചോദിച്ച് വാങ്ങിയെടുക്കുന്നത്. ഇത് പറയാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്, പക്ഷെ നടന്നില്ല. ഇതിന്റെ പുറത്തൊരു ഇന്റര്‍വ്യു നല്‍കുകയോ, വേറെ രീതിയിലേക്ക് പോവുകയോ ചെയ്യരുത്. സിനിമയില്‍ ഉള്ളവരെ ഞാന്‍ വിളിച്ച് സംസാരിച്ചിരുന്നു. കമല്‍ സാറിനെ വിളിച്ചിരുന്നു. ഷൈന്റെ കൂടെയുള്ളവരെ വിളിച്ചിരുന്നു. ഞാന്‍ എട്ട് വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍. തോല്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് എന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് വീട്ടില്‍. വീഡിയോ കാണുമ്പോള്‍ ഞാന്‍ ഡൗണ്‍ ആണെന്ന് അവര്‍ മനസിലാക്കും. അപ്പന്‍ മരിച്ചപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല.

Most Popular

To Top