കോടതി ടാസ്കിനിടയിലെ സംഭവം; മത്സരാർഥികളോട് ചോദ്യങ്ങളുമായി മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ 8 നാലാം വാരത്തിലേക്ക് കടക്കുകയാണ്. ജനാധിപത്യം പ്രമേയമാക്കിയുള്ള ഇത്തവണത്തെ സീസൺ നിരവധി പ്രത്യേകതകളോടെയാണ് മുന്നേറുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് തുടക്കത്തിൽ തന്നെ ചില മത്സരാർഥികൾ കൂടുതൽ ശ്രദ്ധ നേടുന്ന കാഴ്ചയായിരുന്നു പതിവെങ്കിൽ, ഇത്തവണ മത്സരാർഥികൾ തമ്മിലുള്ള മത്സരം കൂടുതൽ ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ വാരാന്ത്യ എപ്പിസോഡിൽ കഴിഞ്ഞ വാരം നടന്ന ഒരു ഗൗരവമേറിയ സംഭവത്തെക്കുറിച്ച് മത്സരാർഥികളോട് മോഹൻലാൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന്റെ പ്രൊമോയാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വാരം നടന്ന കോടതി ടാസ്കിനിടയിൽ ഷിബിന നേരിട്ട അനുഭവമാണ് മോഹൻലാൽ ചർച്ചയാക്കുന്നത്. ജയിൽ നോമിനേഷൻ ലഭിച്ച മൂന്ന് മത്സരാർഥികളിൽ ആരൊക്കെയാണ് ജയിലിൽ പോകേണ്ടതെന്ന് തീരുമാനിക്കുന്നതിനായാണ് ബിഗ് ബോസ് കോടതി ടാസ്ക് സംഘടിപ്പിച്ചത്. ഇതിൽ ഷിബിനയും ഉൾപ്പെട്ടിരുന്നു. രാഹുൽ ഈശ്വറായിരുന്നു ഷിബിനയുടെ അഭിഭാഷകനായി എത്തിയത്. തുടർന്ന് ഷിബിന ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാകുകയും ചെയ്തു.

എന്നാൽ മറ്റൊരു മത്സരാർഥിയുടെ വാദം നടക്കുന്നതിനിടെ താൻ ഇരുന്ന സ്ഥലത്ത് പിന്നിലുണ്ടായിരുന്നവർ തന്റെ വസ്ത്രത്തിന്റെ വള്ളി അഴിച്ച് അതിൽ ചെരുപ്പ് കെട്ടിയതായി ഷിബിന പിന്നീട് ആരോപിച്ചിരുന്നു. ഗൗതം ശശിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തെ തടയുന്നതിന് പകരം ശ്രീലക്ഷ്മി അറയ്ക്കൽ അതിനെ പ്രോത്സാഹിപ്പിച്ചുവെന്നും ചില മത്സരാർഥികൾ ആരോപിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് ഷിബിന ആവർത്തിച്ച് സംസാരിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം മറ്റ് മത്സരാർഥികൾക്കും ബോധ്യപ്പെട്ടത്. ഈ സംഭവം ജീവിതകാലം മുഴുവൻ തന്നെ ട്രോമയിലാക്കാൻ സാധ്യതയുണ്ടെന്ന് ഷിബിന മോഹൻലാലിനോട് പറയുന്നതും പ്രൊമോയിൽ കാണാം. സംഭവത്തിന് പിന്നിൽ ഗൗതമാണോ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, തനിക്ക് തെറ്റ് പറ്റിപ്പോയെന്ന് ഗൗതം സമ്മതിക്കുന്നുണ്ട്. അതേസമയം, “നിങ്ങൾ അതിര് കടക്കുന്നതായി തോന്നുന്നു” എന്നാണ് ശ്രീലക്ഷ്മിയോട് മോഹൻലാൽ പറയുന്നത്. ആവശ്യപ്പെടാത്ത കാര്യങ്ങളിൽ ഇടപെടുന്നത് എന്തിനാണെന്നും രാഹുൽ ഈശ്വറിനോട് മോഹൻലാൽ ചോദിക്കുന്നുണ്ട്.

ഈ വിഷയത്തിൽ ഇനി എന്താണ് വേണ്ടതെന്ന് ഷിബിനയോടും മോഹൻലാൽ ചോദിക്കുന്നു. എന്നാൽ ശ്രീലക്ഷ്മിയിൽ നിന്നോ ഗൗതം ശശിയിൽ നിന്നോ യാതൊരു തരത്തിലുള്ള ക്ഷമാപണവും തനിക്ക് ആവശ്യമില്ലെന്നാണ് ഷിബിനയുടെ മറുപടി. സംഭവത്തിൽ മോഹൻലാലിന്റെയും ബിഗ് ബോസിന്റെയും നിലപാട് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇന്നത്തെ വാരാന്ത്യ എപ്പിസോഡിൽ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.