
ബിഗ് ബോസ് മലയാളം സീസൺ 8 ആവേശകരമായ മത്സരങ്ങളുമായി മുന്നേറുകയാണ്. നിലവിൽ 19 മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം നടന്ന വീക്കൻഡ് എപ്പിസോഡിൽ ഷിബിനാണ് പുറത്തായത്. മത്സരാർത്ഥികളുടെ ചില പെരുമാറ്റങ്ങളിൽ മോഹൻലാൽ ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഷിബിനയുടെ വസ്ത്രത്തിലെ വള്ളി പിടിച്ച് വലിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗൗതമിനും ശ്രീലക്ഷ്മിക്കും മോഹൻലാലിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നു. ജസീലയുമായി ബന്ധപ്പെട്ട വിഷയത്തിൽ നോബിക്കെതിരെയും വിമർശനമുയർന്നിരുന്നു. ഇതിനിടെ ബിഗ് ബോസ് വീട്ടിലെ ശ്രദ്ധേയമായ കോംബോകളിലൊന്നായ ഐശ്വര്യയും കൊമ്പനും തമ്മിലുള്ള സംഭാഷണവും ശ്രദ്ധ നേടുകയാണ്. തനിക്ക് ആരോടെങ്കിലും ക്രഷ് തോന്നുന്നതിൽ തെറ്റില്ലെന്നാണ് ഐശ്വര്യ പറയുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്ന് തനിക്ക് ഒരിക്കലും പ്രണയബന്ധമുണ്ടാകില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.
ഐശ്വര്യയുടെ നിലപാടിനോട് കൊമ്പനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. തനിക്കും ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രണയമുണ്ടാകില്ലെന്നും ഐശ്വര്യ പുറത്തുപോകുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കുമെന്നും കൊമ്പൻ പറഞ്ഞു. ഇരുവരുടെയും സംഭാഷണം പുറത്തുവന്നതോടെ ഐശ്വര്യ-കൊമ്പൻ ബന്ധം ഇനി മറ്റൊരു ദിശയിലേക്ക് മാറുമോ എന്ന ചർച്ചയിലാണ് പ്രേക്ഷകർ. ഇരുവരും തമ്മിലുള്ള കോംബോയെ ചുറ്റിപ്പറ്റി നേരത്തെ തന്നെ വിവിധ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഐശ്വര്യയ്ക്കൊപ്പം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കൊമ്പന്റെ ഗെയിം ബാധിക്കപ്പെടുന്നുവെന്ന തരത്തിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ കൊമ്പന്റെ ഗെയിം കൂടുതൽ ശക്തമാകുമോ എന്നതാണ് ഇനി ശ്രദ്ധേയമായ കാര്യം.
അതേസമയം, ലീഡറില്ലാതെയാണ് ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പുതിയ ആഴ്ച ആരംഭിച്ചിരിക്കുന്നത്. പുതിയ ലീഡറെ തിരഞ്ഞെടുക്കുന്നതിനുള്ള ടാസ്കുകൾ ബിഗ് ബോസ് വീട്ടിൽ പുരോഗമിക്കുകയാണ്. ഇത്തവണ ആരാകും ലീഡർ സ്ഥാനത്തേക്ക് എത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.












